
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെയുണ്ടായ നാല് മരണങ്ങളിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സജിത്ത് കുമാർ റിപ്പോർട്ടറിനോട്. ഏതാണ്ട് അത്യാഹിത വിഭാഗത്തിൽ പുക ഉയർന്ന സമയത്ത് തന്നെയാണ് മരണവും സംഭവിച്ചത്. രണ്ട് രോഗികൾ വെന്‍റിലേറ്ററിലായിരുന്നു. മറ്റു രണ്ട് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചവരാണെന്നും സജിത്ത് കുമാർ പറഞ്ഞു.
അഞ്ചുപേരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി എന്നതായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങൾ. എന്നാൽ അതിൽ ഒരാൾ മരണപ്പെട്ട ശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്ന വ്യക്തിയായിരുന്നു. ബാക്കി നാല് പേരുടെ കാര്യത്തിലാണ് ബന്ധുക്കൾക്ക് സംശയമുള്ളത്. പുക ശ്വസിച്ചാണോ അതോ സ്വാഭാവിക മരണമാണോ എന്ന സംശയം പരിഹരിക്കാനാണ് ഓട്ടോപ്സി നടത്തുക. മരണപ്പെട്ട നാല് രോഗികളും പല അസുഖങ്ങൾ മൂലം ആശുപത്രിയിൽ ഉണ്ടായിരുന്നവരാണ്.
ഇന്നലെ രാത്രി ഏകദേശം എട്ടുമണിയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരുന്നു കാരണം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഉടൻ തന്നെ ഒഴിപ്പിച്ചു. രോഗികളെ മറ്റ് ആശുപത്രികളിലേക്കാണ് മാറ്റുകയും ചെയ്തു. സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
Content Highlights: Autopsy will be undertaken at kozhikode medical college smoke case