
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പരിപാടികളില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി. വേദിയില്‍ കസേരകളില്‍ പേരെഴുതി ഒട്ടിക്കണം, ജാഥകളില്‍ അത് നയിക്കുന്നയാളുടെയോ ബാനറിന്റെയോ മുന്നിലേക്ക് ഇടിച്ചുകയറി നില്‍ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് ഇതുസംബന്ധിച്ച് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടനത്തിനിടെ ഉണ്ടായ തിക്കും തിരക്കും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പെരുമാറ്റച്ചട്ടം ഇറക്കിയിരിക്കുന്നത്.
'വേദിയിലുളള കസേരകളില്‍ പേരെഴുതി ഒട്ടിച്ചിരിക്കണം. അവിചാരിതമായി മുതിര്‍ന്ന നേതാക്കള്‍ വേദിയിലേക്ക് എത്തിയാല്‍ പ്രോട്ടോക്കോള്‍ മാനിച്ച് അവര്‍ക്ക് ഇരിപ്പിടം നല്‍കണം. മാനദണ്ഡങ്ങളില്‍പ്പെടാത്തവരെ വേദിയില്‍ ഇരിക്കാനോ നില്‍ക്കാനോ അനുവദിക്കരുത്. ജാഥകളില്‍ അവ നയിക്കുന്നവരുടെയോ ബാനറിന്റെയോ പിന്നില്‍ മാത്രമേ മറ്റുളളവര്‍ നടക്കാവൂ. ട്രാഫിക് നിയന്ത്രിക്കാന്‍ എന്ന പേരില്‍ മുന്നിലേക്ക് ഇടിച്ചുകയറരുത്. പ്രധാനപ്പെട്ട നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ അവര്‍ ചുമതലപ്പെടുത്തിയവര്‍ അല്ലാത്തവര്‍ പിന്നില്‍ തിക്കി തിരക്കി നില്‍ക്കരുത്' തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
ഡിസിസി പ്രസിഡന്റ് അധ്യക്ഷനായ വേദികളില്‍ എഐസിസി കെപിസിസി തലത്തിലുളള നേതാക്കളുണ്ടെങ്കില്‍ അവരായിരിക്കണം ഉദ്ഘാടനം ചെയ്യേണ്ടത്. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ പരിപാടികളിലും ഇത് യഥാക്രമം ഡിസിസി ഭാരവാഹികള്‍, കെപിസിസി അംഗങ്ങള്‍, ബ്ലോക്ക് ഭാരവാഹികള്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിങ്ങനെയായിരിക്കും. കോഴിക്കോട് ഡിസിസി ഓഫീസിനുവേണ്ടി നിര്‍മ്മിച്ച കെ കരുണാകരന്‍ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ക്യാമറയ്ക്ക് മുന്നിലെത്താനായുളള കോണ്‍ഗ്രസ് നേതാക്കളുടെ ഉന്തും തളളും വൈറലായിരുന്നു. കെസി വേണുഗോപാലിന്റെ സമീപത്തുനിന്ന മുന്‍ ഡിസിസി പ്രസിഡന്റിനെ തളളിമാറ്റി പ്രതിപക്ഷ നേതാവ് വിഡി സതീശനെ മുന്നിലെത്തിക്കാന്‍ ടി സിദ്ധിഖ് എംഎല്‍എ ശ്രമിക്കുന്നതും പ്രയാസപ്പെട്ട് വി ഡി സതീശന്‍ മുന്നിലേക്ക് എത്തുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു.
Content Highlights: congress instructions to workers and leaders for public programmes