മുന്നണി പ്രവേശന ചർച്ചകൾക്കിടെ പി വി അൻവറിനെ ബംഗാളിലേക്ക് വിളിപ്പിച്ച് ടിഎംസി നേതൃത്വം; കൂടിക്കാഴ്ച മറ്റന്നാൾ

നാളത്തെ യുഡിഎഫ് യോഗത്തില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുന്നതിലും തീരുമാനമെടുക്കുമെന്ന സൂചനയുണ്ട്

dot image

മലപ്പുറം: മുന്‍ നിലമ്പൂര്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിനെ കൊല്‍ക്കത്തയിലേക്ക് വിളിപ്പിച്ച് ടിഎംസി നേതൃത്വം. കൂടിക്കാഴ്ച്ചക്കായി ബംഗാളിലേക്ക് എത്താനാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ശനിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായാണ് കൂടിക്കാഴ്ച്ച.

കൊല്‍ക്കത്തയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച്ച നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച നടക്കുന്നത്. നാളത്തെ യുഡിഎഫ് യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുന്നതിലും തീരുമാനമെടുക്കുമെന്ന സൂചനയുണ്ട്. നിലമ്പൂരില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ മത്സരിക്കുന്നതിലുള്ള ആലോചനയും കൂടിക്കാഴ്ചയില്‍ നടക്കുമെന്നാണ് സൂചന.

നേരത്തെ ഏപ്രില്‍ 23ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പി വി അന്‍വറുമായി മുന്നണി പ്രവേശന ചര്‍ച്ചകള്‍ നടത്തിയിരുന്നു. രമേശ് ചെന്നിത്തല, കെ സുധാകരന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് എല്ലാ രീതിയിലും അന്‍വറിന്റെ മുന്നണിപ്രവേശനത്തെ പിന്തുണയ്ക്കുന്നുവെന്ന സൂചന നല്‍കിയ സതീശന്‍ മുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് കൂടി അന്തിമതീരുമാനം എടുക്കുമെന്നാണ് അറിയിച്ചത്. അന്‍വറിന്റെ യുഡിഎഫ് പ്രവേശനമോഹത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ പച്ചക്കൊടി കാണിച്ചിരുന്നു.

രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ മുന്നണി പ്രവേശനം അനിവാര്യമാണെന്നും യുഡിഎഫ് നേതാക്കളുമായുള്ള ചര്‍ച്ച ആശാവഹമെന്നുമായിരുന്നു പിന്നാലെ പി വി അന്‍വര്‍ നല്‍കിയ പ്രതികരണം. നേരത്തെ, മുസ്‌ലിം ലീഗുമായും അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

Content Highlights: TMC leaders call PV Anvar to Kolkata on Nilambur Election

dot image
To advertise here,contact us
dot image