
കൊച്ചി: കയർ ബോർഡിലെ തൊഴിൽ പീഡന പരാതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ആത്മഹത്യ ചെയ്ത ജോളി മധുവിന്റെ കുടുംബം രംഗത്ത്. നിലവിൽ സ്വീകരിച്ചിരിക്കുന്ന നടപടികൾ പേരിന് മാത്രമാണെന്ന് ജോളി മധുവിൻ്റെ സഹോദരൻ പി ജെ എബ്രഹാം കുറ്റപ്പെടുത്തി. തൊഴിൽ പീഡനത്തിലുള്ള നടപടി കാരണം കാണിക്കൽ നോട്ടീസിൽ ഒതുക്കിയെന്നും നിലവിൽ കുറ്റാരോപിതനെ സംരക്ഷിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും ജോളി മധുവിന്റെ കുടുംബം ആരോപിച്ചു.
അന്വേഷണ കമ്മീഷൻ്റെ പ്രവർത്തനത്തിൽ നേരത്തേ ആശങ്കയുണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കയർബോർഡിലെ തൊഴിൽ പീഡന പരാതിയിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. മുൻ സെക്രട്ടറി ജിതേന്ദ്രകുമാർ ശുക്ല, ജോ. ഡയറക്ടർ ടി ജെ തോഡ്കർ, സിയു എബ്രഹാം, എച്ച് പ്രസാദ് കുമാർ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജോളി മധുവിന് നേരിടേണ്ടി വന്ന തൊഴിൽപീഡനവുമായി ബന്ധപ്പെട്ട പരാതിയിലെ മുഖ്യ കുറ്റാരോപിനാണ് ജിതേന്ദ്ര കുമാർ ശുക്ല. കുറ്റാരോപിതനായ മുൻ സെക്രട്ടറി ജിതേന്ദ്ര കുമാർ ശുക്ലയെ അഡ്വൈസറാക്കാനുള്ള നീക്കം എംഎസ്എംഇ മന്ത്രാലയം നേരത്തെ ഉപേക്ഷിച്ചിരുന്നു. ജിതേന്ദ്ര ശുക്ലയെ കയർ ബോർഡ് അഡ്വൈസറാക്കാൻ നീക്കം നടത്തിയതിനെതിരെ ജോളി മധുവിൻ്റെ കുടുംബം എംഎസ്എംഇ മന്ത്രാലയത്തിന് പരാതി നൽകിതോടെയാണ് നീക്കം ഉപേക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി പത്താം തീയതിയാണ് തൊഴിൽപീഡന പരാതി ഉന്നയിച്ച ജോളി മധു മരിക്കുന്നത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് ജോളി മരണത്തിന് കീഴടങ്ങുന്നത്. ക്യാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.
Content Highlights: jolly-madhus-death-family-says-inquiry-commission-had-concerns-earlier