ഇതിപ്പോൾ ട്രെൻഡ് ആണോ!, ആദ്യം മോഹൻലാൽ പിന്നാലെ സൂര്യ; ഫസ്റ്റ് ഷോയ്ക്ക് ശേഷം ഹിറ്റായി വീഡിയോ കോള്‍

'മോഹൻലാലിന് പിന്നാലെ സൂര്യയും എത്തിയത്തോടെ ഇതിപ്പോൾ ട്രെൻഡ് ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്'

dot image

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സൂര്യയുടെ റെട്രോ സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇതിനിടെ തിയേറ്ററിൽ ആരാധകരോട് വീഡിയോ കോളിൽ സംസാരിക്കുന്ന സൂര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നേരത്തെ തുടരും സിനിമയുടെ റിലീസ് സമയത്ത് മോഹൻലാൽ സിനിമയുടെ സംവിധായകൻ തരുൺ മൂർത്തിയോട് ഇത്തരത്തിൽ വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ സൂര്യയും എത്തിയതോടെ ഇതിപ്പോൾ ട്രെൻഡ് ആണോ എന്നാണ് സോഷ്യൽ മീഡിയിൽ ചിലർ ചോദിക്കുന്നത്.

എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നത് കാണുന്നതില്‍ വളരെ സന്തോഷം ഉണ്ടെന്ന് സൂര്യ ആരാധകരോടായി പറഞ്ഞു. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. സൂര്യയ്ക്ക് പെര്‍ഫെക്ട് കംബാക്ക് ആണ് കാര്‍ത്തിക് സുബ്ബരാജ് നല്‍കിയിരിക്കുന്നതെന്നാണ് ഒരു പക്ഷം സൂര്യ ഫാൻസ്‌ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ ആദ്യ പകുതി മികച്ച അനുഭവമായിരുന്നെങ്കിലും രണ്ടാം പകുതിയും ക്ലെെമാക്സും പ്രതീക്ഷ തെറ്റിച്ചു എന്നാണ് നിരവധി പേര്‍ പറയുന്നത്.

സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.

നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിം​ഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.

Content Highlights: Actor Surya talks to fans on video call inside the theater

dot image
To advertise here,contact us
dot image