
ന്യൂഡൽഹി: വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാതെ ദിവസങ്ങളോളം ഹോട്ടല്‍ഭക്ഷണം നല്‍കിയതോടെ എട്ട് വയസുള്ള മകളുടെ സംരക്ഷണാവകാശം മലയാളിയായ അച്ഛനിൽ നിന്ന് അമ്മയ്ക്ക് കൈമാറി സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് നടപടി. വിഷയം സുപ്രീം കോടതിയിൽ എത്തുന്നതിന് മുൻപ് കേരള ഹൈക്കോടതി പിതാവിന് എല്ലാമാസവും 15 ദിവസം മകളെ കാണാൻ അനുമതി നൽകിയിരുന്നു. സിംഗപ്പുരിൽ ജോലി ചെയ്യുന്ന പിതാവ് എല്ലാ മാസവും കുട്ടിയെ കാണാൻ വരാറുണ്ടെന്നും എന്നാൽ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം ഒരിക്കൽ പോലും കുട്ടിക്ക് നൽകാറില്ലെന്നുമുള്ള പരാതി കോടതിയെ അറിയുകയായിരുന്നു. ഇതിനെ തുടർന്നാണ് കുട്ടിയുടെ സംരക്ഷണാവകാശം അമ്മയ്ക്ക് കോടതി കൈമാറിയത്.
കുട്ടിയുടെ പിതാവ് സ്നേഹനിധിയായ ഒരു അച്ഛനാണെങ്കിലും, അദ്ദേഹത്തിന്റെ വീട്ടിലെ പരിസ്ഥിതിയും സാഹചര്യങ്ങളും പെൺകുട്ടിയുടെ വളർച്ചയ്ക്കും ക്ഷേമത്തിനും അനുകൂലമല്ല എന്ന് കോടതി നിരീക്ഷിച്ചു. ഹോട്ടലിൽ നിന്നുള്ള ഭക്ഷണങ്ങൾ തുടർച്ചയായി കഴിക്കുന്നത് കുട്ടിക്ക് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് ജസ്റ്റിസ് മേത്ത വ്യക്തമാക്കി. പെൺകുട്ടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും വികാസത്തിനും പോഷകാഹാരസമൃദ്ധമായ വീട്ടിൽ പാകം ചെയ്ത ഭക്ഷണം ആവശ്യമാണ്, നിർഭാഗ്യവശാൽ, പെൺകുട്ടിക്ക് അത്തരം പോഷകാഹാരം നൽകാൻ പിതാവിന് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
അതേസമയം ദമ്പതികളുടെ ഇളയ മകനും 15 ദിവസം അച്ഛനൊപ്പം താമസിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നെങ്കിലും ആ ഉത്തരവിലും സുപ്രീം കോടതി നിരാശ പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിൽ 15 ദിവസം അച്ഛനോടൊപ്പം കുട്ടി പോയിക്കഴിഞ്ഞാൽ അത് കുട്ടിയുടെ വൈകാരികവും ശാരീരികവുമായ ക്ഷേമത്തെ ഗുരുതരമായി ബാധിക്കുമെന്ന് കോടതി പറഞ്ഞു. അതേസമയം കുട്ടികൾ അമ്മയ്ക്കൊപ്പം നിൽക്കുകയാണെങ്കിൽ വൈകാരികവും ധാർമ്മികവുമായ പിന്തുണ കുട്ടികൾക്ക് ലഭിക്കുമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ എല്ലാ മാസവും ഒന്നിടവിട്ട ആഴ്ചകളിൽ മകളെ കാണാനും ആഴ്ചയിൽ രണ്ട് ദിവസം വീഡിയോ കോളിൽ കുട്ടിയുമായി സംസാരിക്കാനും സുപ്രീം കോടതി പിതാവിന് അനുമതി നൽകിയിട്ടുണ്ട്.
Content Highlights:Hotel food for 15 days; Court transfers custody of eight-year-old daughter from father to mother