ചരിത്രത്തെ സങ്കുചിതതാല്പര്യങ്ങൾക്കായി ദുര്‍വ്യാഖ്യാനിക്കുന്ന കാലത്ത് എംജിഎസിന്റെ വിടവാങ്ങൽ നഷ്ടം:മുഖ്യമന്ത്രി

ഇന്ത്യന്‍ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി

dot image

തിരുവനന്തപുരം: എം ജി എസ് നാരായണന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം ജി എസ് നാരായണനെ വേറിട്ടു നിര്‍ത്തുന്നത്. ഇന്ത്യന്‍ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി അനുശോചിച്ചു.

ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ പാതയാണ് എംജിഎസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ് പില്‍ക്കാലത്ത് പ്രമുഖ ചരിത്രകാരന്മാര്‍ പലരും സഞ്ചരിച്ചത്. ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, അവ നിര്‍വഹിക്കുന്ന സാമൂഹിക ധര്‍മ്മം അപഗ്രഥിച്ച് ചരിത്രത്തിന്റെ ഭാഗമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചരിത്രത്തെയും ചരിത്രരചനയെയും ഒരു വിജ്ഞാന രൂപമായി വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ച അദ്ദേഹം വീണ്ടും പഠിക്കപ്പെടാനും അപഗ്രഥിക്കപ്പെടാനുമുള്ള രചനകളാണ് സമൂഹത്തിന് സംഭാവന ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രവിഭാഗം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു.

ഒരു ഘട്ടത്തില്‍ അദ്ദേഹം ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും നിശിതമായ വിമര്‍ശനമുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം ചരിത്രരചനയെ സങ്കുചിത താല്പര്യങ്ങള്‍ക്ക് അടിപ്പെടുത്താനുള്ള വലതുപക്ഷ സമ്മര്‍ദ്ദത്തെ ശക്തമായി ചെറുത്തു കൊണ്ട് അദ്ദേഹം നിലപാട് സ്വീകരിച്ചു. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചു. രാജ്യത്ത് സംഘപരിവാര്‍ ഭരണത്തില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ 2015 ല്‍ ശക്തമായ ഭാഷയിലാണ് അദ്ദേഹം മറ്റു ചരിത്രകാരന്മാര്‍ക്കൊപ്പം പ്രതിഷേധിച്ചത്. നോട്ടു നിരോധനത്തെ വിമര്‍ശിച്ചതിന് എംടി വാസുദേവന്‍ നായര്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടന്നപ്പോള്‍ മതനിരപേക്ഷ കേരളത്തിന്റെ ശബ്ദമായി അദ്ദേഹം എംടിക്ക് ഉറച്ച പിന്തുണ നല്‍കി.


ചരിത്രത്തെ സങ്കുചിത താല്പര്യങ്ങള്‍ക്കായി ദുര്‍വ്യാഖ്യാനിക്കാനും തിരുത്തിയെഴുതാനും സംഘടിത ശ്രമം നടക്കുന്ന ഇക്കാലത്ത്എംജിഎസിന്റെ വിടവാങ്ങല്‍ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Content Highlights: Chief Minister expressed condolences on the passing away of MGS Narayanan

dot image
To advertise here,contact us
dot image