ഷാനിദിന്റെ വയറ്റിൽ രണ്ടു പൊതികളിലായി ക്രിസ്റ്റൽ രൂപത്തിലുളള വസ്തു, വിഴുങ്ങിയത് അമിത അളവിലുളള ലഹരി

പിടികൂടുമ്പോൾ വിഴുങ്ങിയ പൊതികളിൽ എംഡിഎംഎ ആണെന്ന് ഷാനിദ് പൊലീസിനോട് പറഞ്ഞിരുന്നു.

ഷാനിദിന്റെ വയറ്റിൽ രണ്ടു പൊതികളിലായി ക്രിസ്റ്റൽ രൂപത്തിലുളള വസ്തു, വിഴുങ്ങിയത് അമിത അളവിലുളള ലഹരി
dot image

കോഴിക്കോട്: താമരശ്ശേരിയിൽ വച്ച് പൊലീസിനെ കണ്ട് എംഡിഎംഎ പൊതിയോടെ വിഴുങ്ങി യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൈക്കാവ് സ്വദേശി ഷാനിദ് ആണ് അമിതമായ അളവിൽ മയക്കുമരുന്ന് വയറ്റിലെത്തി മരണപ്പെട്ടത്. ഷാനിദിനെതിരെ മുമ്പും ലഹരിക്കേസ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അമ്പായത്തോട്, താമരശ്ശേരി ഭാ​ഗങ്ങളിൽ വൻതോതിൽ ലഹരി ഇയാൾ വിൽക്കുന്നതായി നാട്ടുകാർ പരാതി നൽകിയിരുന്നു.

പിടികൂടുമ്പോൾ വിഴുങ്ങിയ പൊതികളിൽ എംഡിഎംഎ ആണെന്ന് ഷാനിദ് പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി​ഗതികൾ സങ്കീർണമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ ഷാനിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുണ്ടായി. തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച് എൻഡോസ്കോപിക്ക് വിധേയമാക്കുകയും വയറ്റിൽ രണ്ട് പൊതികളിലായി ക്രിസ്റ്റൽ രൂപത്തിലുളള വസ്തു ഉണ്ട് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

Also Read:

മുകൾ ഭാ​ഗം അമർത്തി ഒട്ടിക്കുന്ന തരത്തിലുളള സിപ് കവറുകളിലാക്കിയായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് ഷാനിദ് മരിക്കുന്നത്. വെളളിയാഴ്ച പൊലീസ് പട്രോളിങ്ങിനിടെയാണ് ഷാനിദിനെ സംശയാസ്പദമായ രീതിയിൽ അമ്പായത്തോട് നിന്ന് പിടികൂടുന്നത്. പൊലീസ് വാഹനം കണ്ടയുടൻ തന്നെ കയ്യിലുണ്ടായിരുന്ന പൊതികൾ‌ വിഴുങ്ങി ഷാനിദ് ഓടി. പിന്തുടർന്ന പൊലീസ് ഷാനിദിനെ പിടികൂടുകയായിരുന്നു.

​ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന ശേഷമാണ് ഷാനിദ് ലഹരി വിൽപനയിൽ സജീവമാകുന്നത്. ഉയർന്ന അളവിൽ എംഡിഎംഎ വയറ്റിനകത്തായതാണ് 24 മണിക്കൂറിനുളളിൽ മരണം സംഭവിച്ചതെന്നാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ഷാനിദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Content Highlights: MDMA Death Shanid Swallowes High Quantity of Srug in Thamarasseri

dot image
To advertise here,contact us
dot image