
പത്തനംതിട്ട: താൻ ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത, തൻ്റെ സമപ്രായക്കാരായ കുട്ടികൾ വയനാട് ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പത്തനംതിട്ട വളംചുഴിയിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ശ്രേയയുടെ ഉള്ള് ഒന്ന് വിങ്ങി. അവരെ എങ്ങനെ സഹായിക്കാനാകും എന്നായി പിന്നീടുള്ള ചിന്ത. അങ്ങനെയാണ് തൻ്റെ കാതിലുള്ള കമ്മൽ വിറ്റ് ദുരിതത്തിൽ പെട്ട സമപ്രായക്കാരായ കൂട്ടുകാരെ സഹായിക്കാം എന്ന് ശ്രേയ അമ്മയോട് പറഞ്ഞത്. മകളുടെ ആഗ്രഹത്തോട് ഒട്ടും മുഖം തിരിക്കാതെ അവളെ പിന്തുണക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. അങ്ങനെയാണ് കമ്മൽ വിറ്റ് കിട്ടിയ പണം കളക്ടറെ എൽപ്പിക്കാൻ ശ്രേയ കളക്ടറേറ്റിൽ എത്തിയത്.
'ടിവിയിൽ വാർത്ത കണ്ടപ്പോൾ വലിയ സങ്കടം വന്നു. അങ്ങനെയാണ് കമ്മൽ വിറ്റ് പണം തരാൻ അമ്മയോട് പറഞ്ഞത്' ശ്രയ പറഞ്ഞു. കളക്ടറെ കാണണമെന്നും കളക്ടർ കസേരയിൽ ഒരിക്കൽ ഇരിക്കണമെന്ന് ആഗ്രഹമുള്ളതായി പറയുമായിരുന്നു എന്ന് ഒപ്പം ഉണ്ടായിരുന്ന പൊതുപ്രവർത്തകൻ എ സുരേഷ് കുമാർ പറഞ്ഞു. മിടുക്കിയായി പഠിച്ച് കളക്ടറായി ഈ കസേരയിൽ തന്നെ ഇരിക്കണമെന്ന് കളക്ടർ പ്രമം കൃഷ്ണൻ്റെ വാത്സല്യത്തോടെയുള്ള നിർദേശം.
തൻ്റെ കമ്മൽ വിറ്റ് കിട്ടിയ 12,000 രൂപ ശ്രയ കളക്ടറെ ഏൽപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത ഈ തുക തൻ്റെ സുഹൃത്തുകൾക്ക് ഒരു മുതൽകൂട്ടാകുമെന്ന് പ്രതീക്ഷയിൽ ശ്രയ മടങ്ങി.