മൂന്നാം ദിനം ആറു ജീവനുകള് രക്ഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ

കാടിനുള്ളിൽ മൺതിട്ടയിൽ താമസിച്ചിരുന്ന ഈ കുടുംബം ഭക്ഷണം ഇല്ലാതായതോടെയാണ് കാട്ടിലേക്കിറങ്ങിയത്

dot image

കൽപ്പറ്റ: തുടർച്ചയായ എട്ട് മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത് ആറു ജീവനുകൾ. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സങ്കേതത്തിലെ കൃഷ്ണൻ, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കൾ അടങ്ങിയ കുടുംബത്തെയാണ് വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥർ രക്ഷിച്ചത്. അതിസാഹസികമായായിരുന്നു രക്ഷപ്പെടുത്തൽ. 10 മീറ്റർ കയറുകൾ കൂട്ടിക്കെട്ടിയതിൽ പിടിച്ചുകയറിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരായ കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ആഷിഫ്, മുണ്ടക്കയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയചന്ദ്രൻ, കൽപ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ അനിൽകുമാർ, കൽപ്പറ്റ ആർ ആർ ടി അനൂപ് തോമസ് എന്നിവരടങ്ങിയ സംഘം കുടുംബത്തെ രക്ഷപ്പെടുത്തിയത്.

കാടിനുള്ളിൽ മൺതിട്ടയിൽ താമസിച്ചിരുന്ന ഈ കുടുംബം ഭക്ഷണം ഇല്ലാതായതോടെയാണ് കാട്ടിലേക്കിറങ്ങിയത്. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുമ്പോൾ ഫോറസ്റ്റ് ഓഫീസറുടെ മുമ്പിൽ അകപ്പെടുകയായിരുന്നു. ശാന്തയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു. കുടുംബാംഗങ്ങളെയും കൂട്ടി ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാടിന് വെളിയിലേക്ക് പുറപ്പെട്ടു. പുറത്തിറങ്ങാൻ മടി കാണിച്ചിരുന്നുവെങ്കിലും ദുരന്തത്തിന്റെ രൂക്ഷത പറഞ്ഞു മനസ്സിലാക്കിയതോടെ കുടുംബം വരാൻ തയ്യാറാക്കുകയായിരുന്നുവെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ആഷിഫ് പറഞ്ഞു. ചെങ്കുത്തായ മലഞ്ചെരുവുകൾ താണ്ടി ആദിവാസി വിഭാഗത്തിലെ ഈ കുടുംബത്തെ ഉദ്യോഗസ്ഥർ അട്ടമല എപിസിയിലെത്തിച്ചു. അവർക്ക് ആവശ്യമായ വിറകും മറ്റ് ആഹാരസാധനങ്ങളും എത്തിച്ചു നൽകി.

dot image
To advertise here,contact us
dot image