തിരഞ്ഞെടുപ്പിൽ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്ന് സിപിഐ; വിമർശനം ആലപ്പുഴ ജില്ലാ കൗൺസിലിൽ

രാജാവ് നഗ്നനാണെന്ന് പറയാൻ സിപിഎമ്മിൽ ആളില്ല. സിപിഐ എങ്കിലും ആ റോൾ ഏറ്റെടുത്ത് ഇടതുപക്ഷ വോട്ടുകളെ പിടിച്ച് നിർത്തണമെന്ന് സിപിഐ.

dot image

ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. തിരഞ്ഞെടപ്പിൽ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്നാണ് ഉയർന്ന വിമർശനം. എല്ലാ തിരഞ്ഞെടുപ്പിലും പരനാറി പ്രയോഗം പോലുളള പരാമർശങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. തിരുത്താൻ തയാറാല്ലെന്ന് മാർ കൂറിലോസിനെതിരായ പരാമർശത്തിലൂടെ വ്യക്തമായി. രാജാവ് നഗ്നനാണെന്ന് പറയാൻ സിപിഐഎമ്മില് ആളില്ല. സിപിഐ എങ്കിലും ആ റോൾ ഏറ്റെടുത്ത് ഇടതുപക്ഷ വോട്ടുകളെ പിടിച്ച് നിർത്തണം. കോൺഗ്രസ് വോട്ട് മാത്രമല്ല ബിജെപിയിലേക്ക് പോയത്. മുന്നണിയുടെ അടിസ്ഥാന വോട്ടകളും പോയിട്ടുണ്ടെന്നും സിപിഐയിൽ വിലയിരുത്തൽ. തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ഐപിഎസ് ഓഫീസർ ശ്രമിച്ചത് സംശയകരമാണ്. ഇ പി ജയരാജൻെറ ജാവദേക്കർ കൂടിക്കാഴ്ചയും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിൽ വിമർശനം ഉയർന്നു.

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനമൊഴിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം ഉയർന്നു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. മുഖ്യമന്ത്രി മാറണമെന്ന് പറയാനുള്ള ആർജ്ജവം സിപിഐ കാണിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മുന്നേറ്റം പ്രതീക്ഷിച്ചെങ്കിലും രാജീവ് ചന്ദ്രശേഖരന് പിറകിൽ മൂന്നാംസ്ഥാനത്തായിരുന്നു സിപിഐ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ സ്ഥാനം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനമുയർന്നത്.

മുഖ്യമന്ത്രി മാറാതെ എൽഡിഎഫിന് തിരിച്ചുവരവ് എളുപ്പമല്ല. മുഖ്യമന്ത്രി മാറണം എന്ന് പറയാൻ സിപിഐ ആർജ്ജവം കാട്ടണം. തോൽവിക്ക് പ്രധാനകാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. എൽഡിഎഫ് കൺവീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായെന്നും അംഗങ്ങള് വിമര്ശിച്ചു. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തതും പെൻഷൻ മുടങ്ങിയതും തോൽവിയിലേക്ക് നയിച്ചെന്നും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ കുറ്റപ്പെടുത്തി. നാളെ സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് ജില്ലാ കമ്മിറ്റികളിൽ നിന്ന് വിമർശനം ഉയരുന്നത്. നാളത്തെ യോഗത്തിലും സർക്കാരിനെതിരായ വിമർശനം ഉണ്ടാകും എന്നാണ് സൂചന.

'മുഖ്യമന്ത്രി സ്ഥാനം ഒഴിയണം'; സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില് ആവശ്യം
dot image
To advertise here,contact us
dot image