
May 19, 2025
05:54 PM
തിരുവനന്തപുരം: 'കേരള സ്റ്റോറി' സിനിമ ദൂരദര്ശനില് സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമൂഹത്തില് ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘപരിവാര് താല്പര്യമാണ് സിനിമ പ്രദര്ശിപ്പിക്കുന്നതിന് പിന്നിലുള്ളത്. സിനിമ സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സിനിമ ദൂരദര്ശനില് പ്രദര്ശിപ്പിക്കാനുള്ള നീക്കത്തില് നിന്നും കേന്ദ്ര സര്ക്കാര് പിന്മാറണമെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശന് ആവശ്യപ്പെട്ടിരുന്നു. അസത്യങ്ങളുടെ കെട്ടുകാഴ്ചയായ 'കേരള സ്റ്റോറി' പ്രദര്ശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില് ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര് ഭരണകൂടം നടപ്പക്കുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില് ചിലവാകില്ലെന്നു ബോധ്യമായ സംഘപരിവാര് കേന്ദ്ര സര്ക്കാര് സ്ഥാപനമായ ദൂരദര്ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വി ഡി സതീശന് പറഞ്ഞു.
ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന വാചകത്തിലാണ് ദുരദര്ശന് സിനിമ പരസ്യം ചെയ്യുന്നത്. സുദീപ്തോ സെന് രചനയും സംവിധാനവും നിര്വഹിച്ച ചിത്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്ന്നത്. കേരളത്തില് വ്യാപകമായി മതപരിവര്ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില് എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം. 2023 മെയ് 5 നായിരുന്നു തിയേറ്റര് റിലീസ്. ആ സമയത്ത് തന്നെ കേരളത്തില് വലിയ പ്രതിഷേധമുയര്ന്നിരുന്നു. സിനിമ സംപ്രേഷണം ചെയ്യുന്നത് കേരളത്തെ അധിക്ഷേപിക്കുന്നതിന് തുല്യമെന്നും വര്ഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.