
May 29, 2025
07:27 PM
ഡല്ഹി: ലൈഫ് മിഷന് കോഴക്കേസില് മുന് ഐഎഎസ് ഉദ്യോഗസ്ഥന് എം ശിവശങ്കറിന് സ്ഥിരം ജാമ്യം. ആരോഗ്യകാരണങ്ങള് കണക്കിലെടുത്താണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്ന്ന് ഇടക്കാല ജാമ്യത്തിലായിരുന്നു എം ശിവശങ്കര്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എസ് വി എന് ഭട്ടി എന്നിവര് ഉള്പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.
ചികിത്സാ കാരണങ്ങളാല് ജാമ്യം അനന്തമായി നീട്ടരുതെന്നായിരുന്നു എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം. ഓഗസ്റ്റ് രണ്ടിനാണ് സുപ്രിംകോടതി ഇടക്കാല ജാമ്യം നല്കിയത്. ഇതിന് ശേഷം രണ്ട് തവണ സുപ്രിംകോടതി എം ശിവശങ്കറിന് ഇടക്കാല ജാമ്യം നീട്ടി നല്കി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള് നേരിടുകയാണെന്നും അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കർ സുപ്രിംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ സുപ്രിംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമടക്കമുള്ള യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണ്. തനിക്കും സംസ്ഥാന സർക്കാരിനും ഇതിൽ പങ്കില്ല. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന് കേസ് എന്നും ഹര്ജിയില് ശിവശങ്കർ പറഞ്ഞിരുന്നു.