'മാസപ്പടി വിവാദത്തിൽ ചോദ്യം ഉയർന്നപ്പോൾ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുന്നു'; വി ഡി സതീശൻ

'താൻ എറണാകുളം ജില്ലക്ക് അപമാനമാണോ അഭിമാനമാണോയെന്ന് ജനം തീരുമാനിക്കട്ടെ'

dot image

കൊച്ചി: മാസപ്പടി വിവാദത്തിൽ ചോദ്യം ഉയർന്നപ്പോൾ മുഖ്യമന്ത്രി പൊട്ടിത്തെറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാസപ്പടി എന്തുകൊണ്ട് ഇ ഡി അന്വേഷിക്കുന്നില്ലെന്നും വി ഡി സതീശൻ ചോദിച്ചു. നവകേരള സദസ്സിനെ വിമർശിച്ച പ്രതിപക്ഷ നേതാവ് പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ഇല്ലെന്നും കുറ്റപ്പെടുത്തി. നവകേരള സദസ്സിൽ 11 ലക്ഷം പരാതി ലഭിച്ചെന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറയുന്നു. ഭരിക്കുന്ന സർക്കാരിനെതിരെയാണ് പരാതി.

പ്രതിപക്ഷ നേതാക്കളെ വിമർശിക്കാനുള്ള വേദിയാണോ നവകേരള സദസ്സെന്നും വി ഡി സതീശൻ ചോദിച്ചു. താൻ എറണാകുളം ജില്ലക്ക് അപമാനമാണോ അഭിമാനമാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്ന് സജി ചെറിയാന് മറുപടിയായി വി ഡി സതീശൻ വ്യക്തമാക്കി. സജി ചെറിയാൻ വായ പോയ കോടാലിയാണെന്നും മുമ്പ് വായ തുറന്നപ്പോൾ മന്ത്രിസ്ഥാനം പോയിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ആശാവർക്കർ, തൊഴിലുറപ്പുകാർ, വീട്ടുകാർ, ഉദ്യോഗസ്ഥർ തുടങ്ങി മുഴുവൻ ആളുകളും ഭീഷണിപ്പെടുത്തി സദസ്സിലെത്തിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജനങ്ങളുടെ ചെലവിൽ രാഷ്ട്രീയം പറയുകയാണ്. കടകളിൽ ലൈറ്റ് തെളിയിക്കണമെന്ന് ലേബർ ഓഫീസിൽ നിന്ന് നിർദേശമുണ്ടെന്ന് കുറ്റപ്പെടുത്തിയ വി ഡി സതീശൻ 44 ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും എന്തുകൊണ്ട് മാറി നിൽക്കുന്നു എന്നും ചോദിച്ചു. പല കേസുകളിലും പൊലീസ് അന്വേഷണത്തിൽ ദുരൂഹതകളുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

രാജാവിൻ്റെ എഴുന്നള്ളത് പോലെയാണ് മുഖ്യമന്ത്രിയുടെ വരവെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് രാഷ്ട്രീയമായ പ്രതിഷേധ പ്രകടനം നടത്താൻ കഴിയില്ലേയെന്നും ചോദിച്ചു. ആളുകൾക്ക് കടയിൽ നിന്ന് പോലും രാഷ്ട്രീയം പറയാൻ പാടില്ല എന്ന അവസ്ഥ. കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വഴിയിൽ ക്രൂരമായി മർദിക്കുന്നു. അക്രമത്തിന് പ്രോത്സാഹനം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. യുഡിഎഫുകാർക്കിടയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കേണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

മന്ത്രിമാർക്ക് ആർക്കെങ്കിലും മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി ചോദ്യങ്ങൾ ചോദിക്കാമോയെന്ന് ചോദിച്ച വി ഡി സതീശൻ വിധേയരുടെ സംഘമാണ് മന്ത്രിമാർ എന്നും പരിഹസിച്ചു. എൽഡിഎഫ് എംഎൽഎമാരെ മുഖ്യമന്ത്രി ആദ്യം കേൾക്കണം. സംസാരിച്ച എംഎൽഎയാണ് കെ കെ ശൈലജ, കിട്ടിയല്ലോ നല്ലതുപോലെയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

dot image
To advertise here,contact us
dot image