
പത്തനംതിട്ട: പമ്പ നിലയ്ക്കൽ ചാലക്കയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. പമ്പ നിലയ്ക്കൽ ചെയിൻ സർവീസുകളാണ് കൂട്ടിയിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. എതിർ ദിശയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസുകൾ ആണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഒരു ബസ് പുറകോട്ട് നീങ്ങി മറ്റൊരു കെഎസ്ആർടിസി ബസ്സിലും ഇടിച്ചു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രണ്ടുപേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറു പേരും ചികിത്സയിലുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.