യുഡിഎഫിൻ്റെ കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം; ധർമ്മടത്ത് കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും

എൽഡിഎഫ് സർക്കാരിന്റെ അഴിമതിയും, ധൂര്ത്തും, സാമ്പത്തിക തകര്ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് കുറ്റവിചാരണ സദസ്സിൻ്റെ ലക്ഷ്യം

dot image

കണ്ണൂർ: യുഡിഎഫിൻ്റെ നേതൃത്വത്തിലുള്ള കുറ്റവിചാരണ സദസ്സിന് ഇന്ന് തുടക്കം. എൽഡിഎഫ് സർക്കാരിന്റെ അഴിമതിയും, ധൂര്ത്തും, സാമ്പത്തിക തകര്ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നതിൻ്റെ ലക്ഷ്യമെന്ന് യുഡിഎഫ് കണ്വീനര് എം എം ഹസ്സന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടിയാണ് കുറ്റവിചാരണ സദസ്സ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ആദ്യദിവസം 12 നിയോജകമണ്ഡലങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. ജനപ്രതിനിധികളും യുഡിഎഫിൻ്റെ സംസ്ഥാന നേതാക്കളും വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന വിചാരണ സദസ്സിൽ പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവ കേരള സദസ്സിന് ബദലായാണ് പ്രതിപക്ഷം കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും നേമത്ത് മന്ത്രി വി ശിവൻകുട്ടിയുടെ മണ്ഡലത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഇന്ന് കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി അബ്ദുറഹ്മാന്റെ മണ്ഡലമായ താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുന്നത്.

സര്ക്കാരിനെതിരായ കുറ്റവിചാരണ സദസ്സില് യുഡിഎഫ് പ്രവര്ത്തകര്ക്ക് പുറമേ സര്ക്കാരില് നിന്ന് പണം കിട്ടാതെ ദുരിതം അനുഭവിക്കുന്ന നെല്, നാളികേര, റബ്ബര് കര്ഷകര്, കെഎസ്ആര്ടിസി അടക്കമുള്ള സ്ഥാപനങ്ങളിലെ പെന്ഷന് ലഭിക്കാതെ ദുരിതമനുഭവിക്കുന്നവര്, ആനുകൂല്യങ്ങള് ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന പട്ടികജാതി, പട്ടികവര്ഗ വിഭാഗക്കാര്, മത്സ്യ തൊഴിലാളികള്, സാമൂഹ്യക്ഷേമ പെന്ഷനും, ചികിത്സാ സഹായവും ലഭിക്കാത്തവര്, പിഎസ്സി റാങ്ക് ലിസ്റ്റില്പെട്ടവർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില് ജോലിക്കു കാത്തിരിക്കുന്ന തൊഴില്രഹിതര് തുടങ്ങിയവരെ കൂടി കുറ്റവിചാരണ സദസ്സിൽ പങ്കെടുപ്പിക്കുമെന്ന് യുഡിഎഫ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ആളുകൾക്ക് അവരുടെ കാഴ്ചപ്പാടുകള് പറയാന് സമയം നല്കാനും തീരുമാനിച്ചിരുന്നു.

dot image
To advertise here,contact us
dot image