നൂറനാട് ജനകീയ സമരം; സമരപ്പന്തലിലേക്ക് ലോറികൾ ഓടിച്ചു കയറ്റാൻ കരാർ കമ്പനിയുടെ ശ്രമം

ഇന്നലെ രാത്രിയാണ് സമരപ്പന്തലിൽ ഇരിക്കുന്ന സ്ത്രീകൾക്ക് നേരെ ലോറികൾ ഓടിച്ച് കയറ്റാൻ ശ്രമം നടന്നത്

dot image

ആലപ്പുഴ: നൂറനാട് നടക്കുന്ന ജനകീയ സമരത്തിന് നേരെ വീണ്ടും കരാർ എടുത്ത കമ്പനിയുടെ പ്രകോപനം. ഇന്നലെ രാത്രി സമരപ്പന്തലിലേക്ക് ലോറികൾ ഓടിച്ചു കയറ്റാൻ ശ്രമിച്ചതായി സമരക്കാര് പരാതിപ്പെട്ടു. ഇന്നലെ രാത്രിയാണ് സമരപ്പന്തലിൽ ഇരിക്കുന്ന സ്ത്രീകൾക്ക് നേരെ ലോറികൾ ഓടിച്ച് കയറ്റാൻ ശ്രമം നടന്നത്.

ഭയപ്പെട്ട സ്ത്രീകള് ബഹളം വെച്ചതോടെ സമരസമിതി നേതാക്കളും പുരുഷന്മാരും ഓടിയെത്തി. ഇവരെത്തിയതോടെയാണ് ലോറിയുമായി പിന്മാറാൻ ഡ്രൈവർമാർ തയ്യാറായത്. മണ്ണെടുപ്പിന് കരാർ എടുത്ത കമ്പനിയുടെ നിർദ്ദേശത്തെ തുടർന്നാണ് ലോറിയെടുത്തതെന്ന് ഡ്രൈവർമാർ പറഞ്ഞു. തുടര്ന്ന് ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് സമരസമിതി പരാതി നൽകി.

തുടർച്ചയായി പ്രകോപനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന ജനകീയ സമരത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് മറ്റപ്പള്ളി മലയിലേക്കെത്തുന്നത്. കരാർ കമ്പനി പിൻവാങ്ങും വരെ സമരം തുടരുമെന്ന നിലപാട് തന്നെയാണ് ഓരോ പ്രദേശവാസിയും വീണ്ടും ആവർത്തിക്കുന്നത്.

നൂറനാട് മണ്ണെടുപ്പ്; ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് സമരക്കാർക്ക് അനുകൂലമെന്ന് സൂചന

മണ്ണെടുപ്പിനെ കുറിച്ച് അന്വേഷണം നടത്തിയ ആലപ്പുഴ ജില്ലാ കളക്ടർ സമരസമിതിക്ക് അനുകൂലമാകുന്ന റിപ്പോർട്ടാണ് സർക്കാരിൽ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ സിപിഎമ്മും സിപിഐയും നേതൃത്വം നൽകുന്ന സമരത്തിന് അനുകൂല സാഹചര്യമുണ്ടായിട്ടും പരിഹാരമില്ലാതെ നീളുന്നതിൽ പാർട്ടി പ്രവർത്തകർക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

dot image
To advertise here,contact us
dot image