
May 19, 2025
02:47 PM
കോട്ടയം: കോട്ടയുടെ അകം എന്നതിലൂടെ കോട്ടയം എന്ന പേര് ലഭിച്ച കോട്ടയത്ത് നവംബര് 28ന് ടെക്നോളജിയുടെ കോട്ടവാതില് തുറക്കപ്പെടും. വേണം, നമുക്കുമൊരു സിലിക്കണ് വാലി! എന്ന പ്രമേയത്തില് പതിനാലു ജില്ലകളിലും ടാല്റോപിന്റെ പിന്തുണയോടെ റിപ്പോര്ട്ടര് ടി വി സംഘടിപ്പിച്ചു വരുന്ന എഡ്യു-ടെക് കോണ്ക്ലേവ് സീരീസിലെ ഏഴാമത്തെ കോണ്ക്ലേവായ കോട്ടയം ജില്ലാതല കോണ്ക്ലേവ് നവംബര് 28 ചൊവ്വാഴ്ച നടക്കും. രാവിലെ 10 മണി മുതല് 1:30 വരെ കോട്ടയം ആന്സ് ഇന്റര്നാഷണല് & കണ്വെന്ഷന് സെന്ററില് നടക്കുന്ന കോണ്ക്ലേവില് ജനപ്രതിനിധികള്, അന്തര്ദേശീയ രംഗങ്ങളില് വ്യക്തിമുദ്ര പതിപ്പിച്ചവര്, വിദ്യാഭ്യാസവിചക്ഷണര്, ടെക്ക്-രംഗത്തെ വന്കിട സംരംഭകര്, മുതിര്ന്ന മാധ്യമ പ്രവര്ത്തകര് എന്നിവര്ക്കൊപ്പം കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂള്-കോളേജ് മാനേജ്മെന്റ് പ്രതിനിധികളും അക്കാദമിക് പ്രതിനിധികളും പങ്കെടുക്കും.
വിദ്യാഭ്യാസ മേഖലയുടെ സമൂല പരിവര്ത്തനം: സംവാദവും പരിഹാര നിര്ദ്ദേശങ്ങളും
നിലവിലെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണവശങ്ങളും പോരായ്മകളും വിശദമായ സംവാദങ്ങള്ക്കും തുടര് ചര്ച്ചകള്ക്കും വിധേയമാക്കി പരിഹാര നിര്ദ്ദേശങ്ങള് സമര്പ്പിക്കുകയാണ് കോണ്ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. ടെക്നോളജിയിലുള്ള അറിവ് ജീവവായു പോലെ പ്രാധാന്യമേറി കൊണ്ടിരിക്കുന്ന കാലത്ത്, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും എഡ്യുക്കേഷണല് ആക്ടിവിസ്റ്റുകളും എഡ്യു-സംരംഭകരും മുതിര്ന്ന മാധ്യമപ്രവര്ത്തകരും കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂള്-കോളേജ് മാനേജ്മെന്റ് പ്രതിനിധികളും അക്കാദമിക് പ്രതിനിധികളും ഒരുമിച്ചിരുന്ന് ഇന്ന് ലോക മാര്ക്കറ്റ് ആവശ്യപ്പെടുന്ന പ്രൊഫഷണല് വിദ്യാഭ്യാസ മാതൃകയെ കേരളത്തെ പരിചയപ്പെടുത്തുകയാണ് കോണ്ക്ലേവ് ലക്ഷ്യമിടുന്നത്.
ഇന്ഡസ്ട്രി-അക്കാദമിക് ഗ്യാപ്
തൊഴില് നേടുക മാത്രമല്ല വിദ്യാഭ്യാസം നേടുന്നതിന്റെ ലക്ഷ്യമെങ്കിലും, സുരക്ഷിതമായൊരു കരിയര് എത്തിപ്പിടിക്കുന്നതിന് കൂടി വിദ്യാര്ത്ഥിയെ പ്രാപ്തനാക്കുക എന്ന ലക്ഷ്യവും മുന് നിര്ത്തിയാണ് നമ്മുടെ അക്കാദമിക് സിസ്റ്റം രൂപകല്പന ചെയ്തിട്ടുള്ളത്. എന്നാല്, ഉന്നത റാങ്ക് ലഭിച്ചവര്ക്ക് പോലും കരിയര് രംഗത്ത് ശോഭിക്കാന് കഴിയുന്നില്ലെന്ന യാഥാര്ത്ഥ്യം നമുക്കു മുന്നിലുണ്ട്. ഇന്ഡസ്ട്രി ആവശ്യപ്പെടുന്ന തരത്തില് വിദ്യാഭ്യാസം നേടുന്നതിന് സാഹചര്യമില്ലാത്തതാണ് ഇതിന് കാരണം. അതായത്, പഠിച്ച കാര്യങ്ങള് തൊഴില് നേടാന് ഉപകരിക്കുന്നില്ല. ഇതാണ് ഇന്ഡസ്ട്രി-അക്കാദമിക് ഗ്യാപ്. ഇന്ഡസ്ട്രിയെ അടുത്തറിഞ്ഞു കൊണ്ട്, പ്രായോഗിക പരിശീലനം നേടി വിദ്യാഭ്യാസം പൂര്ത്തിയാക്കുന്ന തരത്തില് ചില കൂട്ടിച്ചേര്ക്കലുകള് നമ്മുടെ വിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണ്.
തൊഴില് രഹിതരായ യുവജനങ്ങള് 40.5 ശതമാനം
40.5 ശതമാനം (Periodic Labour Force Survey released by the National Statistical Office) തൊഴില്രഹിതരായ യുവജനങ്ങളുള്ള സംസ്ഥാനമായി മാറിയിരിക്കുകയാണ് നമ്മുടെ കേരളം. വലിയ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴില് മേഖലയില് സ്വീകാര്യരല്ലാതാകുന്നവരാണ് തൊഴിലില്ലായ്മ നേരിടുന്ന യുവജന സമൂഹത്തില് ബഹുഭൂരിപക്ഷവും. നേടിയ വിദ്യാഭ്യാസത്തിന്റെ, വിദ്യാഭ്യാസം നേടുന്ന രീതിയുടെ ചില പോരായ്മകളാണ് വലിയ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴില് മേഖലയില് സ്വീകാര്യരല്ലാതാകുന്നതിന് പിന്നില്. സ്വന്തം അഭിരുചി കണ്ടെത്തി പരിപോഷിപ്പിച്ച് ആ മേഖലയില് വൈദഗ്ധ്യം നേടുന്നതിനുള്ള അവസരങ്ങളില്ല. പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ സ്വന്തം സ്കില്ലുകള് വികസിപ്പിച്ചെടുക്കുന്നതിന് നമ്മുടെ അക്കാദമിക് രംഗത്ത് ചില കൂട്ടിച്ചേര്ക്കലുകള് അനിവാര്യമാണ്.
*Brain Drain: ജോലി തേടി പാലായനം ചെയ്യുന്ന യുവത
ടാലന്റായ ഉദ്യോഗാര്ത്ഥികള് ഭൂരിഭാഗവും അവരിലെ പ്രതിഭ ആവശ്യപ്പെടുന്ന തരത്തിലുള്ള തൊഴില് തേടി അന്യദേശങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. കൂടുതല് മൂല്യമുള്ള കറന്സിയില് കൂടുതല് പ്രതിഫലം ലഭിക്കുന്ന, ധാരാളം തൊഴിലവസരങ്ങളുള്ള നാടുകളിലേക്കാണ് കേരളീയ യുവത്വം കുടിയേറുന്നത്. മാന്യമായ വേതനവും അന്തസ്സും ഉറപ്പുവരുത്തുന്ന തൊഴില് നല്കാന് കഴിയുന്ന, യൂനികോണ് കമ്പനികള് കേരളത്തില് വളര്ന്നുവരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നതോടെ ഈ ഒരു അവസ്ഥക്ക് പരിഹാരമാവുമെന്ന് വ്യക്തം.
ക്യാംപസുകളെ അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്: ടെക്നോളജി & ഇന്നവേഷന് ഹബ്ബുകളിലൂടെ
കേരളത്തിലെ ക്യാംപസുകളെ അപ്ഗ്രേഡ് ചെയ്യുക എന്നത് മാത്രമാണ് ഇതിനെല്ലാം പരിഹാരം. ടെക്നോളജിയുടെ ഏറ്റവും നൂതനമായ സാധ്യതകളെ ഉപയോഗപ്പെടുത്തി ഇന്ഡസ്ട്രി ആവശ്യപ്പെടുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തി, തൊഴിലില്ലായ്മ പരിഹരിച്ച് സമഗ്ര മേഖലകളിലും സമൂലമായ പരിവര്ത്തനത്തിന് വഴിയൊരുക്കുന്നൊരു ടെക്നോളജി & ഇന്നവേഷന് ഹബ്ബുകള് ക്യാംപസുകളിലേക്ക് പകര്ത്താന് കഴിയണം.
ടെക്നോളജി ഇന്നവേഷന്, സംരംഭക സൗഹൃദ സംസ്കാരം, റിസേര്ച്ച് തുടങ്ങി ബിസിനസുകള്ക്കും സ്റ്റാര്ട്ടപ്പുകള്ക്കും വളരുന്നതിന് അങ്ങേയറ്റം സപ്പോര്ട്ടീവ് ആയ ആവാസ വ്യവസ്ഥ ഈ ഹബ്ബുകള് പ്രവര്ത്തന സജ്ജമാകുന്നതോടെ നിലവില് വരും. സിലിക്കണ് വാലിയിലെ ഇങ്ങനെയൊരു ആവാസ വ്യവസ്ഥയുടെ തണലിലാണ് ഫെയ്സ്ബുക്കും ആമസോണും ആപ്പിളും ഗൂഗിളും ഉള്പ്പടെ വളര്ന്നത്.
ടെക്നോളജി & ഇന്നവേഷന് ഹബ്ബ് ആയി മാറുന്ന, സാമൂഹിക പരിവര്ത്തനത്തിന് വഴിയൊരുക്കുന്ന ഗവേഷണങ്ങള് നടക്കുന്ന, അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും എക്സ്പേര്ട്ടുകളുടെ സേവനവും ലഭ്യമാകുന്ന മോഡലാണ് കേരളത്തിലെ ക്യാംപസുകളിലേക്ക് പകര്ത്തേണ്ടത്. ഒപ്പം, ടെക്നോളജിയിലുള്പ്പടെ ടാലന്റായൊരു സമൂഹത്തെ കൂടി വാര്ത്തെടുക്കുന്നതിനും ക്യാംപസുകളെ ടെക്നോളജി & ഇന്നവേഷനിലൂടെ അപ്ഗ്രേഡ് ചെയ്യുന്നതിലൂടെ സാധ്യമാവുന്നു.
ഇത്തരത്തില്, ലോകം ആവശ്യപ്പെടുന്ന തരത്തില് വരും തലമുറയെ വാര്ത്തെടുക്കുന്നതിനായി കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് സമൂല പരിവര്ത്തനം സാധ്യമാക്കുന്ന പരിഹാര നിര്ദ്ദേശങ്ങള് പരസ്പര സംവാദത്തിലൂടെ സജീവ ചര്ച്ചകള്ക്ക് വിധേയമാക്കുകയാണ് കോണ്ക്ലേവിലൂടെ ലക്ഷ്യമിടുന്നത്.