

ഹൈദരാബാദ്: കേരളത്തിലെ തങ്ങളുടെ ഘടകകക്ഷിയായ മുസ്ലിം ലീഗിനെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പില് പങ്കാളികളാക്കാന് തീരുമാനിച്ച് തെലങ്കാനയിലെ കോണ്ഗ്രസ്. ന്യൂനപക്ഷ വിഭാഗങ്ങളോട് കൂടുതല് ഇടപെടാന് ലീഗിന്റെ സാന്നിദ്ധ്യം മികച്ചതാവുമെന്ന വിലയിരുത്തലാണ് കോണ്ഗ്രസിനുള്ളത്.
ഈ സാഹചര്യത്തില് ലീഗ് സെക്രട്ടറി ഖൊറാം അനീഷ് അന്വര് ഇന്ന് ഹൈദരാബാദ് സന്ദര്ശിച്ചു. വാര്ത്താ സമ്മേളനത്തിലും പങ്കെടുത്തു. കോണ്ഗ്രസിന് ലീഗിന്റെ പൂര്ണ്ണ പിന്തുണയുണ്ടെന്നും ലീഗ് അനുഭാവികള് കോണ്ഗ്രസിന് വോട്ട് ചെയ്യുമെന്നും അനീഷ് അന്വര് പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളെയും സേവിക്കാന് കഴിയുന്ന ഏക പാര്ട്ടി കോണ്ഗ്രസാണ്. കേരളത്തില് കോണ്ഗ്രസും ലീഗും നല്ല ബന്ധത്തിലാണ്. കേരളത്തിന്റെ വികസനത്തില് ഇരുപാര്ട്ടികളും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അനീഷ് അന്വര് പറഞ്ഞു.

'അന്ധമായ വിശ്വാസവും ഉണ്ട്. രാജ്യസ്നേഹവും ഉണ്ട്. രണ്ടാമത്തേതിന്റെ ഒപ്പം നില്ക്കാന് ഞാന് ജനങ്ങളോട് ആവശ്യപ്പെടുകയാണ്. ഗുജറാത്ത് മോഡല് പ്രഹസനവും കേരള മോഡല് മികച്ചതുമാണ്. കേരളത്തില് 100% സാക്ഷരതയുണ്ട്.', അനീഷ് അന്വര് പറഞ്ഞു.
ദിവസങ്ങള്ക്ക് മുമ്പ് മുസ്ലിം ലീഗ് നിയമസഭ തിരഞ്ഞെടുപ്പില് കോണ്ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ വ്യത്യസ്ത ന്യൂനപക്ഷ വിഭാഗങ്ങള്ക്കായി 'ന്യൂനപക്ഷ ക്ഷേമ രേഖ' അവതരിപ്പിച്ചത്. നവംബര് 30നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.