
Jul 11, 2025
10:09 PM
തിരുവനന്തപുരം: ലത്തീൻസഭ വികസനത്തിന് എതിരല്ലെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര. വിഴിഞ്ഞം വലിയ വികസന പദ്ധതിയെന്ന് സർക്കാർ പറഞ്ഞു. ശാസ്ത്രീയ പഠനം വിഴിഞ്ഞത്ത് നടത്തിയിട്ടില്ല. തുറമുഖം വരുന്നതോടെ ഇനിയും നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടും. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇപ്പോൾ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും യൂജിൻ പെരേര പറഞ്ഞു.
റിങ് റോഡ് നടത്താൻ ആളുകൾ നല്ല മനസ്സോടെ മുന്നോട്ട് വന്നു. പക്ഷെ അത് പാതിവഴിയിൽ ഉപേക്ഷിച്ചു. സഭയെ വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകശ്രദ്ധയാകർഷിക്കുന്ന തരത്തിൽ മാറാനാണ് വിഴിഞ്ഞം തുറമുഖം തയാറെടുക്കുന്നത്. വലിയ കപ്പലുകൾക്ക് ബെർത്തിലടുക്കാനുള്ള പ്രകൃതിദത്തമായ 20 മീറ്റർ ആഴം ഇവിടെയുണ്ട്. അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നു എന്ന പ്രത്യേകതയും വിഴിഞ്ഞത്തുണ്ട്.
ഇതിനിടെ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി. ചൈനീസ് ചരക്കു കപ്പലായ ഷെൻഹുവ 15 ആണ് തുറമുഖത്തെത്തിയത്. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഷെൻഹുവ 15. കപ്പലിന് 233.6 മീറ്റർ നീളവും 42 മീറ്റർ വീതിയുമുണ്ട്. 20 മീറ്റർ വരെയാണ് ആഴം. ആദ്യ ചരക്കു കപ്പലിനെ കരയിലെത്തിക്കാൻ മൂന്നു ടഗ് ബോട്ടുകളാണ് ഉപയോഗിച്ചത്. ഇവയ്ക്ക് 70 ടൺ ശേഷിയുണ്ട്.
വിഴിഞ്ഞം തൊട്ട് ഷെൻഹുവ 15; ആദ്യ കപ്പലെത്തി