
കൊച്ചി: പോക്സോ കേസ് പ്രതിക്ക് മുന്കൂര് ജാമ്യം നല്കിയ കൊല്ലം അഡീഷണല് സെഷന്സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രതിയായ കൊല്ലം കടയ്ക്കല് സ്വദേശി ബദറുദ്ദീന് ജാമ്യം അനുവദിച്ച ഉത്തരവാണ് റദ്ദാക്കിയത്. കുട്ടിയുടെ പിതാവ് നല്കിയ ഹര്ജിയിലാണ് സിംഗിള് ബെഞ്ചിന്റെ അസാധാരണ നടപടി. കടയ്ക്കല് പൊലീസ് രജിസ്റ്റര് ചെയ്ത എഫ്ഐആറിലെ നിസ്സാര പിഴവാണ് മുന്കൂര് ജാമ്യം നല്കാനുള്ള കാരണം.
എഫ്ഐആറിലെ സാങ്കേതിക പിഴവില് തെറ്റിദ്ധരിക്കപ്പെട്ടാണ് കൊല്ലം ഒന്നാം സെഷന്സ് കോടതി പ്രതിയ്ക്ക് മുന്കൂര് ജാമ്യം നല്കിയത്. പ്രതിയുടെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്ജി പരിഗണിച്ച ജസ്റ്റിസ് പി ഗോപിനാഥ് കൊല്ലം സെഷന്സ് കോടതിയുടെ മുന്കൂര് ജാമ്യ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
വസ്തുത മനസിലാക്കാതെയാണ് കോടതി ഉത്തരവെങ്കില് സെഷന്സ് കോടതി സ്വന്തം വിധി പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവില് പറയുന്നു. പൊലീസിന് സംഭവിച്ച സാങ്കേതിക പിഴവാണ് മുന്കൂര് ജാമ്യം നല്കാനുള്ള കാരണമെങ്കില് അത് തിരുത്തണം. ഇതിന്മേല് കൊല്ലം സെഷന്സ് മൂന്നാം കോടതി വീണ്ടും വാദം കേട്ട് തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്ദേശിച്ചു. മുന്കൂര് ജാമ്യത്തിലേക്ക് നയിച്ച ഉത്തരവിന് സെഷന്സ് കോടതി പുതിയ കാരണം കണ്ടെത്തണം. ഇതിനായാണ് നിലവിലെ ഉത്തരവ് റദ്ദാക്കുന്നതെന്നും ഹൈക്കോടതി ഉത്തരവില് പറയുന്നു.
2023 മെയ് മാസത്തിലാണ് കടയ്ക്കല് സ്വദേശി ബദറുദ്ദീനില് നിന്ന് കുട്ടി ഗുരുതര ലൈംഗിക അതിക്രമത്തിനിരയായത്. സംഭവത്തില് പൊലീസ് 2023 മെയ് 31ന് എഫ്ഐആര് രജിസ്റ്റര് ചെയ്തു. എഫ്ഐആറിലെ 12-ാം ഖണ്ഡികയില് വര്ഷം 2023ന് പകരം കടയ്ക്കല് പൊലീസ് രേഖപ്പെടുത്തിയത് 2022 എന്നാണ്. സംഭവം നടന്ന് ഒരുവര്ഷത്തിന് ശേഷമാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത് എന്നായിരുന്നു മുന്കൂര് ജാമ്യം നല്കാന് പോക്സോ കോടതി കണ്ടെത്തിയ വിധിയുടെ ന്യായം.
പൊലീസ് എഫ്ഐആറില് അക്കം ഒന്ന് കുറഞ്ഞപ്പോള് ക്രൂരകൃത്യം നടത്തിയ കേസിലെ പ്രതിക്ക് ലഭിച്ചത് മുന്കൂര് ജാമ്യം. ബദറുദ്ദീന്റെ മുന്കൂര് ജാമ്യാപേക്ഷ കൊല്ലം രണ്ടാം സെഷന്സ് കോടതി ബുധനാഴ്ച വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കണം. കുട്ടിയുടെ പിതാവിന് വേണ്ടി അഭിഭാഷകരായ ശ്രീരാജ് എം ഡി, ഭാനു തിലക്, വിഷ്ണുപ്രിയ എം വി എന്നിവരാണ് ഹാജരായത്.