
ഹനുമാൻ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് തേജ സജ്ജ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 300 കോടിക്കും മുകളിലാണ് നേടിയത്. ഇപ്പോഴിതാ നടന്റെ ഏറ്റവും പുതിയ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. 'മിറൈ' എന്നാണ് സിനിമയുടെ പേര്. ഒരു ആക്ഷൻ അഡ്വെഞ്ചർ സൂപ്പർഹീറോ സിനിമയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ കേരള പ്രസ് മീറ്റിൽ നടൻ തേജ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
മിന്നൽ മുരളിയും, ലോകയും, ഹനുമാനും, മിറൈയിലെ കഥാപാത്രവും ഒന്നിച്ചുവരുന്ന ഒരു അവഞ്ചേഴ്‌സ് എൻഡ് ഗെയിം പോലെ ഒരു സിനിമ സംഭവിക്കട്ടെ എന്നാണ് തേജ സജ്ജ പറഞ്ഞത്. 'മലയാളം സിനിമയുടെ ഈ പുതിയ വേവിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യൻ സൂപ്പർഹീറോസിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഈ സൂപ്പർഹീറോസ് എല്ലാം എപ്പോഴെങ്കിലും ഒരു സിനിമയിൽ ഒന്നിച്ച് ഒരു വലിയ ഇന്ത്യൻ സിനിമ ഉണ്ടാകട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മിന്നൽ മുരളിയും, ലോകയും, ഹനുമാനും, മിറൈയിലെ കഥാപാത്രവും ഒന്നിച്ചുവരുന്ന ഒരു അവഞ്ചേഴ്‌സ് എൻഡ് ഗെയിം പോലെ ഒരു സിനിമ സംഭവിക്കട്ടെ', തേജയുടെ വാക്കുകൾ.
അതേസമയം, മിറൈ സെപ്റ്റംബർ 12 ന് പുറത്തിറങ്ങും. മലയാളി താരം ജയറാമും സിനിമയിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കാര്‍ത്തിക് ഗട്ടംനേനി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മണിബാബു കരണമാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‍സ് വിറ്റുപോയത് 2.75 കോടിക്ക് ആണെന്നാണ് റിപ്പോർട്ട്. മഞ്ചു മനോജ്, റിതിക നായക്, ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സുത്ഷി, പവൻ ചോപ്ര എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്‍ടാഗ് മീഡിയ, പിആർഒ ശബരി. രവി തേജ നായകനായി ഒരുങ്ങിയ ഈഗിളിന് ശേഷം കാര്‍ത്തിക് ഗട്ടംനേനി ഒരുക്കുന്ന സിനിമയാണ് ഇത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിൽ മിറൈ പുറത്തിറങ്ങും.
content highlights: Teja Sajja about indian avengers film