'എം പാനലുകാർക്ക് ഉടൻ പുനർനിയമനം'; കെഎസ്ആർടിസി സ്വിഫ്റ്റിനോട് ചിലർക്ക് ചിറ്റമ്മ നയമെന്ന് ആൻ്റണി രാജു

കൊല്ലം കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ട് എം മുകേഷ് എംഎൽഎയ്ക്ക് മന്ത്രി മറുപടി നൽകി

dot image

തിരുവനന്തപുരം: കെഎസ്ആര്ടിസിയില് മുഴുവൻ എം പാനലുകാർക്കും ഉടൻ പുനർനിയമനം നൽകുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. പ്രൊമോഷനുകൾ വച്ച് താമസിപ്പിക്കരുതെന്ന് കർശന നിർദ്ദേശം നൽകി. പത്ത് വർഷത്തിന് ശേഷം കെഎസ്ആർടിസിയിൽ മുഴുവൻ ജീവനകാർക്കും രണ്ട് ജോഡി യൂണിഫോം ഈ മാസം അവസാനത്തോടെ നൽകും. 3.50 കോടിരൂപയുടെ അധിക ബാധ്യതയാണ് സർക്കാർ ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി സ്വിഫ്റ്റിനെ കുറിച്ചുള്ള തെറ്റിദ്ധാരണ ശരിയല്ലെന്നും മന്ത്രി പ്രതികരിച്ചു. കെഎസ്ആർടിസിയുടെ ഭാവിക്കായാണ് സ്വിഫ്റ്റ് കൊണ്ടുവന്നത്. സ്വിഫ്റ്റിന്റെ വളർച്ച കെഎസ്ആർടിസിയ്ക്ക് ഗുണം ചെയ്യും. കെഎസ്ആർടിസി സ്വിഫ്റ്റിനോട് ചിറ്റമ്മ നയം പുലർത്തുന്ന ജീവനക്കാരുണ്ട്, അത് മാറ്റണം. കെഎസ്ആർടിസി സ്വിഫ്റ്റും കെഎസ്ആർടിസിയും രണ്ട് കണ്ണു പോലെയാണെന്ന് ജീവനക്കാർ മനസിലാക്കണമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

കൊല്ലം കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ട് എം മുകേഷ് എംഎൽഎയ്ക്ക് മന്ത്രി മറുപടി നൽകി. ഡിപ്പോയുടെ വിഷയത്തിൽ ധനകാര്യ മന്ത്രിയുമായി ചർച്ച ചെയ്തു. എംഎൽഎ ഫണ്ടിൽ നിന്ന് 10 കോടി ഉപയോഗിച്ചുള്ള കെട്ടിടമല്ല അവിടെ ആവശ്യമായുള്ളത്. 100 കോടിയുടെ ബൃഹത്തായ പദ്ധതിയ്ക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം 100 കോടിയുടെ പദ്ധതി അല്ല അടിസ്ഥാന വികസനമാണ് ഉടൻ വേണ്ടതെന്ന് എം മുകേഷ് ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image