ജോലി കഴിഞ്ഞ് നാട്ടിലേയ്ക്ക് ട്രെയിനിൽ യാത്ര; ശുചിമുറിയിൽ പോയ യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം; പരാതി

ശുചിമുറിയില്‍ പോയ ശേഷം വിനീതിനെ കാണാതാകുകയായിരുന്നുവെന്നാണ് പരാതി

dot image

റാന്നി: സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിന്‍ യാത്രയ്ക്കിടെ പത്തനംതിട്ട സ്വദേശിയെ കാണാതായി. വെച്ചൂച്ചിറ സ്വദേശിയായ വിനീതിനെ(32)യാണ് ഇക്കഴിഞ്ഞ ബുധനാഴ്ച കാണാതായത്. ശുചിമുറിയില്‍ പോയ ശേഷം വിനീതിനെ കാണാതാകുകയായിരുന്നു. സംഭവത്തില്‍ വിനീതിന്റെ കുടുംബം വെച്ചൂച്ചിറ പൊലീസില്‍ പരാതി നല്‍കി.

മംഗളൂരുവില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞ് വിനീത് ഉള്‍പ്പെടെ അഞ്ച് പേര്‍ നാട്ടിലേയ്ക്ക് ട്രെയിനില്‍ വരുമ്പോഴാണ് സംഭവം. ട്രെയിന്‍ കോഴിക്കോട് സ്‌റ്റേഷന്‍ വിട്ടതിന് പിന്നാലെ വിനീത് ശുചിമുറിയില്‍ പോകുന്നതിനായി എഴുന്നേറ്റിരുന്നു. മിനിറ്റുകള്‍ കഴിഞ്ഞിട്ടും വിനീത് തിരികെ വരാതായതോടെ സുഹൃത്തുക്കള്‍ ശുചിമുറിയില്‍ അടക്കം പരിശോധന നടത്തി. എന്നാല്‍ വിനീതിനെ കണ്ടെത്താനായില്ല. ഈ സമയം ട്രെയിനില്‍ പിന്നിലെ കംമ്പാര്‍ട്ടുമെന്റില്‍ ഇരുന്നയാള്‍ ഒരാള്‍ വാതിലിലൂടെ പുറത്തേയ്ക്ക് വീണതായി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്തി.

നാട്ടുകാര്‍ ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും വിനീതിനെ കണ്ടെത്തായാനായിട്ടില്ല. വിനീത് വീണതായി സംശയം തോന്നിയ സ്ഥലത്ത് നദിയുണ്ട്. വിനീത് അബദ്ധത്തില്‍ നദിയില്‍ വീണോ എന്നാണ് സംശയിക്കുന്നത്. നദിയില്‍ പരിശോധന നടത്തണമെന്നാണ് പൊലീസ് പറയുന്നത്.

Content Highlights- Man from pathanamthitta missing from train while travelling with friends

dot image
To advertise here,contact us
dot image