
കൊച്ചി: മാസപ്പടി വിവാദത്തില്‍ വീണ്ടും ചോദ്യങ്ങളുമായി മാത്യൂ കുഴല്നാടന് എംഎല്‍എ. സിഎംആര്‍എല്‍ വിവാദത്തിലെ പി വി താന്‍ അല്ലെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം ദയനീയമാണ്. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ തെളിവുണ്ട്. മുഖ്യമന്ത്രി സത്യം മറച്ചുവെച്ചു. ഇതൊന്നുമല്ലെങ്കില്‍ സിഎംആര്‍എല്‍ വീണാ വിജയന് ഭിക്ഷയായി നല്‍കിയതാണ് പണമെന്ന് അംഗീകരിക്കണമെന്നും കുഴല്നാടന് കടന്നാക്രമിച്ചു.
സേവനം നല്കിയിട്ടില്ലെങ്കില് പിന്നെയെന്തിനാണ് പണം. പി വി എന്ന ചുരുക്കപ്പേര് പിണറായി വിജയന് തന്നെയാണ്. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ മകളെക്കുറിച്ച് കൃത്യമായ പരാമര്‍ശമുണ്ട്. പി വി താനല്ലെന്ന് പറയുന്ന മുഖ്യമന്ത്രി വീണാ തന്റെ മകളല്ലെന്ന് പറയാന്‍ തയ്യാറാകുമോയെന്നും ചോദിച്ചു.
മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തോട് പച്ചക്കള്ളം വിളിച്ചു പറയുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ പോലും ഇനി പിണറായി വിജയനെ വിശ്വസിക്കില്ല. നിരവധി കമ്പനികളില്‍ നിന്നും പിണറായിയുടെ മകള്‍ പണം വാങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ടിലെ പി വി പിണറായി വിജയന് അല്ലെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കാമെന്നും മാത്യൂ കുഴല്നാടന് വെല്ലുവിളിച്ചു.
തനിക്കെതിരെ എത്ര അന്വേഷണവും ഏത് നിലയ്ക്കും നടത്താമെന്നും മാത്യൂ കുഴല്നാടന് എംഎല്‍എ പ്രതികരിച്ചു. ചിന്നക്കനാലിലെ ഒരേക്കര്‍ പതിനൊന്നര സെന്റ് സ്ഥലമിടപാടില്‍ കഴിഞ്ഞദിവസം വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് പ്രതികരണം. അധികാരം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നയം കേരളത്തിലും ആവര്‍ത്തിക്കുകയാണ്. അഴിമതി അന്വേഷണം നടത്തേണ്ട വിജിലന്‍സിനെ രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുകയാണ്. ഇതിനെതിരെ നിയമപരമായി പോരാടുമെന്നും മാത്യൂകുഴല്‍നാടന്‍ പറഞ്ഞു.
എംഎല്‍എ എന്ന യാതൊരു ആനുകൂല്യവും വേണ്ട. നിയമവിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണ് വിജിലന്‍സ് അന്വേഷണത്തിലൂടെ നടത്തുന്നതെന്നും മാത്യൂ കൂഴല്‍നാടന്‍ പറഞ്ഞു.