മോയ്‌സ്ചുറൈസര്‍ കൈകളില്‍ പുരട്ടിയാല്‍ പോരേ? ഹാന്‍ഡ് ക്രീം തന്നെ ഉപയോഗിക്കണമെന്നുണ്ടോ?

കൈകള്‍ക്ക് മാത്രമായി പ്രത്യേകം ഒരു ക്രീമിന്റെ ആവശ്യമുണ്ടോ? മുഖത്ത് ഉപയോഗിക്കുന്ന മോയ്‌സുചറൈസര്‍ തന്നെ കൈകളിലും ഉപയോഗിച്ചാല്‍ മതിയാകില്ലേ?

dot image

നിറം വര്‍ധിപ്പിക്കുക എന്നതായിരുന്നു പണ്ടുകാലത്ത് ചര്‍മസംരക്ഷണം എന്നതുകൊണ്ട് അര്‍ഥമാക്കിയിരുന്നത്. എന്നാലിന്ന് നിറം വര്‍ധനവല്ല ചര്‍മ സംരക്ഷണമെന്നും മുഖത്തെ ചര്‍മത്തിന് മാത്രമല്ല ശ്രദ്ധയും പരിചരണവും വേണ്ടതെന്നും നമുക്കറിയാം. കടലമാവ് മുഖത്തിടുന്നതും തക്കാളി നീര് മുഖത്തുപുരട്ടുന്നതുമെല്ലാം പഴഞ്ചനായിക്കഴിഞ്ഞു. ഇന്ന് മുഖത്തിന്, കാലിന്, കൈകള്‍ക്ക് തുടങ്ങി ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ക്ക് വ്യത്യസ്ത സൗന്ദര്യസംരക്ഷണ വര്‍ധന വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്.

അക്കൂട്ടത്തില്‍ മുന്‍പ് അത്രമേല്‍ പ്രചാരത്തിലിരുന്ന ഹാന്‍ഡ് ക്രീമിന് വലിയ ഡിമാന്‍ഡ് ആണ്. മില്ലെനിയല്‍സിന്റെയും ജെന്‍സികളുടെയും ബാഗില്‍ ഹാന്‍ഡ് ക്രീം നിര്‍ബന്ധമായും കാണാന്‍ സാധിക്കും. സത്യത്തില്‍ കൈകള്‍ക്ക് മാത്രമായി പ്രത്യേകം ഒരു ക്രീമിന്റെ ആവശ്യമുണ്ടോ? മുഖത്ത് ഉപയോഗിക്കുന്ന മോയ്‌സുചറൈസര്‍ തന്നെ കൈകളിലും ഉപയോഗിച്ചാല്‍ മതിയാകില്ലേ?

കൊവിഡ് 19ന് ശേഷമാണ് ഹാന്‍ഡ്ക്രീമുകള്‍ തരംഗമാകുന്നത്. ആവര്‍ത്തിച്ചുള്ള കൈകഴുകലും സാനിറ്റൈസര്‍ ഉപയോഗിക്കലും പലരുടെയും കൈകളുടെ മൃദുത്വം നഷ്ടപ്പെടുത്തിയിരുന്നു. ഇതിനായാണ് ഹാന്‍ഡ് ക്രീമുകള്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയത്. കോവിഡ് പോയിട്ടും ഹാന്‍ഡ് ക്രീം ഉപയോഗം ഒരു ശീലമായി പലരിലും തുടരുകയും ചെയ്തു.

എന്താണ് മോയ്‌സ്ചുറൈസറും ഹാന്‍ഡ് ക്രീമും തമ്മിലുള്ള വ്യത്യാസം

രണ്ടും ഒറ്റനോട്ടത്തില്‍ ഒരേ ഉപയോഗത്തിനുള്ളതാണ്. ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്തുക, ചര്‍മം സംരക്ഷിക്കുക. തുടര്‍ച്ചയായി കൈ കഴുകുന്നവരാണെങ്കില്‍ കൈയിലെ ചര്‍മം വരളാനുള്ള സാധ്യത കൂടുതലാണ് ഇവര്‍ ഹാന്‍ഡ് ക്രീം ഉപയോഗിക്കുന്നത് നന്നായിരിക്കും.

മോയ്‌സ്ചുറൈസറിനെ അപേക്ഷിച്ച് ഹാന്‍ഡ് ക്രീമിന് കട്ടി കൂടുതലായിരിക്കും. ഉള്ളം കൈയിലെ കട്ടിയുള്ള ചര്‍മത്തിലൂടെ പ്രവേശിക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഇത്. ഷിയ ബട്ടര്‍, ഗ്ലിസറിന്‍, സെറമൈഡ്‌സ്, പെട്രോലാറ്റം തുടങ്ങിയവ ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യും.

മാര്‍ക്കറ്റിങ് തന്ത്രമോ?

ഹാന്‍ഡ് ക്രീമിന് ബ്യൂട്ടി ബ്രാന്‍ഡുകള്‍ അമിത പ്രധാന്യം നല്‍കുന്നുണ്ടോ? ഉണ്ട്, പക്ഷെ അതിനര്‍ഥം അത് അനാവശ്യമായ ഒരു ഉല്പന്നമാണ് എന്നല്ല. ആവര്‍ത്തിച്ച് കൈ കഴുകേണ്ടി വരുന്ന ഒരു പ്രൊഫഷനിലാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കില്‍ കൈ വരണ്ടുപോകുന്നത് കൂടുതലായിരിക്കും. അങ്ങനെയുള്ള സാഹചര്യത്തില്‍ ഹാന്‍ഡ് ക്രീമുകള്‍ പുരട്ടുന്നത് നല്ലതാണ്. പക്ഷെ അതിനായി പ്രത്യേകം തയ്യാറാക്കിയ ഹാന്‍ഡ് ക്രീം ഉപയോഗിക്കണം.

സെറെമൈഡ്‌സ്, ലിപിഡ്‌സ്, ഹ്യുമിക്ന്റ്‌സ് എന്നിവ അടങ്ങിയിട്ടുള്ള മോയ്‌സ്ചുറൈസര്‍ ആണെങ്കില്‍ ഹാന്‍ഡ് ക്രീമിന് പകരം അത് ഉപയോഗിച്ചാല്‍ മതിയാകും. അതുപോലെ പെട്രോളിയം ജെല്ലി, ഗ്ലിസറിന്‍ എന്നിവ അടങ്ങിയിട്ടുള്ള മോയ്‌സ്ചുറൈസര്‍ ആണെങ്കില്‍ വളരെയധികം ഗുണം ചെയ്യും. കയ്യില്‍ പറ്റിപ്പിടിക്കാതെ ചര്‍മത്തിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുന്നതാണെങ്കില്‍ ഹാന്‍ഡ്ക്രീമന് പകരമായി ആ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാന്‍ മടിക്കേണ്ടതില്ല.

കൈ നന്നായിരിക്കാന്‍ ശ്രദ്ധിക്കാം

ചര്‍മ സംരക്ഷണം മുഖത്ത് മാത്രം ഒതുങ്ങില്ലെന്ന് നമുക്ക് നന്നായി അറിയാം. നിങ്ങളുടെ കൈകള്‍ക്കും കാലുകള്‍ക്കും പാദത്തിനും എല്ലാം അല്പം പരിലാളനം ആവശ്യമാണ്. കൈകളുടെ കാര്യമെടുക്കുകയാണെങ്കില്‍ വളരെ ബേസിക് ആയി ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. അതില്‍ ആദ്യത്തേത് മൃദുവായ ഒരു സോപ്പ് തിരഞ്ഞെടുക്കുക എന്നുള്ളതാണ്. പലയിടത്തും സ്പര്‍ശിക്കുന്നതിനാല്‍ തന്നെ കൈകളില്‍ കീടാണുക്കള്‍ പറ്റിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സോപ്പിട്ട് കൈകഴുകിയതിന് ശേഷം വേണമെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ഹാന്‍ഡ് റബ് ഉപയോഗിക്കാം. പിന്നീട് കൈ വരണ്ടുപോകുന്നത് തടയുന്നതിനായി മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാം.

വൃത്തിയാക്കി മോയ്‌സ്ചുറൈസര്‍ പുരട്ടി കൈകള്‍ മൃദുവായി സംരക്ഷിക്കാം. സൂര്യപ്രകാശമേറ്റതുമൂലമുള്ള കരുവാളിപ്പ് കുറയ്ക്കുന്ന, നഖങ്ങള്‍ക്ക് കരുത്തുനല്‍കുന്ന ഘടകങ്ങള്‍ അടങ്ങുന്ന മോയ്ചുറൈസര്‍, എന്നിവയെല്ലാം ഇന്ന് ലഭ്യമാണ്.

മുഖത്ത് തേക്കുന്നതിനായി ഉപയോഗിക്കുന്ന സണ്‍സ്‌ക്രീന്‍, മോയ്‌സ്ചുറൈസര്‍, റെറ്റിനോള്‍ അടങ്ങിയ ക്രീമുകള്‍ എന്നിവ ഉപയോഗിക്കാം. ചര്‍മസംരക്ഷണത്തിന്റെ ഏറ്റവും എളുപ്പമുള്ള വഴിയാണ് അത്.

Content Highlights: Do you really need a hand cream or is your regular moisturiser enough

dot image
To advertise here,contact us
dot image