'ഞങ്ങൾ ആരാണെന്ന് ജനങ്ങൾക്ക് അറിയാം'; നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് തിരുവഞ്ചൂർ

'മുഖ്യമന്ത്രിയും ദല്ലാൾ നന്ദകുമാറും തമ്മിലുള്ള കൂടികാഴ്ചയുടെ കാര്യം അവർ തമ്മിൽ പറഞ്ഞു തീർക്കട്ടെ'

dot image

തിരുവനന്തപുരം: സോളാർ കേസിൽ ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിൽ പ്രതികരണത്തിനില്ലെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അതിനൊക്കെ താൻ മറുപടി പറയണോ. തങ്ങൾ ആരാണെന്ന് ജനങ്ങൾക്ക് അറിയാം. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നങ്ങള്ക്കിടയ്ക്ക് നിസ്സാര കാര്യം പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിലെ രണ്ട് മുന് ആഭ്യന്തരമന്ത്രിമാര് മുഖ്യമന്ത്രിമാരാകാന് ശ്രമിച്ചതിന്റെ കൂടി ഫലമായാണ് ഉമ്മന് ചാണ്ടി തേജോവധം ചെയ്യപ്പെട്ടത് എന്നാണ് നന്ദകുമാർ പറഞ്ഞത്.

മുഖ്യമന്ത്രിയും ദല്ലാൾ നന്ദകുമാറും തമ്മിലുള്ള കൂടികാഴ്ചയുടെ കാര്യം അവർ തമ്മിൽ പറഞ്ഞു തീർക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയും നന്ദകുമാറും തമ്മിലുള്ള വാക്കുകളിൽ തങ്ങൾ തേർഡ് പാർട്ടിയാണ്. അത് അവർ തമ്മിൽ പറയട്ടെ. ഈ കേസിൽ മുഖ്യമന്ത്രി നിയമസഭയ്ക്ക് അകത്തും നന്ദകുമാർ പുറത്തും സംസാരിച്ചു. രണ്ട് കൂട്ടർക്കും പറയാനുള്ളത് പറഞ്ഞ് തീർക്കട്ടെ, അത് കേൾക്കാൻ തങ്ങൾ തയ്യാറാണ് എന്ന് അദ്ദേഹം പറഞ്ഞു.

താനാരാണെന്ന് എല്ലാവർക്കുമറിയാം. ആരോപണങ്ങൾ ചിന്ന തമാശകൾ ആണെന്നാണ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നു എന്ന ആരോപണത്തിനുളള തിരുവഞ്ചൂരിന്റെ മറുപടി. പാർട്ടിയെ ക്ഷീണിപ്പിക്കാൻ തക്ക രീതിയിൽ ശത്രുക്കൾക്ക് ആയുധം ഉണ്ടാക്കി കൊടുക്കാൻ തയ്യാറല്ല. താൻ പാർട്ടി അച്ചടക്ക സമിതിയുടെ ചെയർമാനാണ്. താൻ ഇരിക്കുന്ന സ്ഥാനത്തോട് നീതി പുലർത്തണം എന്ന് ആഗ്രഹിക്കുന്നതായും തിരുവഞ്ചൂർ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ താഴെയിറക്കാൻ ചിന്തയെ ഉണ്ടായിരുന്നില്ല. സ്കൂൾ കാലം മുതൽ മരിക്കുന്നതുവരെ ഉമ്മൻചാണ്ടിക്കൊപ്പം നിന്ന വ്യക്തിയാണ് താൻ. പ്രതിസന്ധി സമയത്തും ഉമ്മൻചാണ്ടിക്കൊപ്പം നിന്നു. ദല്ലാളിന്റെ ആരോപണങ്ങളിൽ പാർട്ടി നിലപാട് നോക്കിയതിനുശേഷം മാത്രമേ പ്രതികരിക്കൂ. രമേശ് ചെന്നിത്തല അങ്ങനെ ചിന്തിക്കുമെന്ന് വിശ്വസിക്കുന്നില്ല എന്നും തിരുവഞ്ചൂർ പറഞ്ഞു.

കെ സി ജോസഫ് പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തോട് സംസാരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നടപടി അനിശ്ചിതമായി നീളുന്നെങ്കിൽ അപ്പോൾ പ്രതികരിക്കാം. കെസി ജോസഫ് പറഞ്ഞതിന്റെ ഗൗരവം കുറച്ച് കാണുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

dot image
To advertise here,contact us
dot image