
തിരുവനന്തപുരം: അന്തരിച്ച മുതിര്ന്ന കോണ്ഗ്രസ് നേതാവ് വക്കം പുരുഷോത്തമന് നാടിന്റെ അന്ത്യാഞ്ജലി. സംസ്കാരം ഇന്ന് 10.30 ന് വക്കത്തെ കുടുംബ വീട്ടില് നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെപിസിസി അദ്ധ്യക്ഷന് കെ സുധാകരന് ഉള്പ്പെടെ കോണ്ഗ്രസ് നേതാക്കള് സംസ്കാര ചടങ്ങില് പങ്കെടുക്കും. ഇന്നലെ ആറ്റിങ്ങലിലും വീട്ടിലുമായി നൂറുകണക്കിന് പേരാണ് വക്കത്തിന് അന്തിമോപചാരം അര്പ്പിക്കാന് എത്തിയത്.
തിങ്കളാഴ്ച തിരുവനന്തപുരത്തെ വസതിയിലായിരുന്നു വക്കം പുരുഷോത്തമന്റെ അന്ത്യം. രണ്ട് തവണ നിയമസഭാ സ്പീക്കറായിരുന്ന അദ്ദേഹം മൂന്ന് തവണ മന്ത്രിയായി പ്രവര്ത്തിച്ചു. 2004ല് ഉമ്മന് ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വക്കം പുരുഷോത്തമന് അതേ വര്ഷം ഉമ്മന്ചാണ്ടി മന്ത്രിസഭയില് ധനകാര്യ മന്ത്രിയായി. ധനവകുപ്പ് അടക്കം ആറു വകുപ്പുകളുടെ ചുമതല മൂന്ന് തവണയായി അദ്ദേഹം നിര്വ്വഹിച്ചിട്ടുണ്ട്.
ആന്ഡമാനില് ലഫ്റ്റനന്റ് ഗവര്ണറും മിസോറാമിലും ത്രിപുരയിലും ഗവര്ണറുമായിരുന്നു. കേരളം കണ്ട ഏറ്റവും കര്ക്കശകാരനായ സ്പീക്കര് എന്ന വിശേഷണത്തിനും അര്ഹനായിരുന്നു. ഏറ്റവും കൂടുതല് കാലം സ്പീക്കറായിരുന്നതിന്റെ ബഹുമതിയും വക്കം പുരുഷോത്തമനാണ്. അഭിഭാഷകനെന്ന നിലയിലും മികവ് പുലര്ത്തിയ പൊതുപ്രവര്ത്തകനായിരുന്നു വക്കം പുരുഷോത്തമന്. കോണ്ഗ്രസിന്റെ വിദ്യാര്ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്ത്തന രംഗത്തേക്ക് വന്ന നേതാവാണ് വക്കം പുരുഷോത്തമന്. ആറ്റിങ്ങലില് നിന്ന് അഞ്ചു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയില് നിന്ന് രണ്ടുതവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.