'ചൈനയെ നേരിടുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്കാളി, IMEC പദ്ധതി പ്രാധാന്യമുള്ളത്'; ഒർമക്കുറിപ്പിൽ ജോ ബൈഡന്‍

ഇന്ത്യയുമായുള്ള ബന്ധം വര്‍ഷങ്ങളായി മെച്ചപ്പെട്ടുവരുന്നതാണെന്ന് ബൈഡന്‍ പറഞ്ഞു

'ചൈനയെ നേരിടുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്കാളി, IMEC പദ്ധതി പ്രാധാന്യമുള്ളത്'; ഒർമക്കുറിപ്പിൽ ജോ ബൈഡന്‍
dot image

വാഷിങ്ടൺ: ചൈനയുടെ വളര്‍ച്ചയെ നേരിടാനുള്ള അമേരിക്കയുടെ തന്ത്രത്തില്‍ ഇന്ത്യ നിര്‍ണായക പങ്കാളിയാണെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ പുതിയ ഓര്‍മക്കുറിപ്പായ Promise Me, Americaയില്‍ ഇന്ത്യ-അമേരിക്ക ബന്ധത്തെ ശക്തമായി പിന്തുണച്ച ബൈഡന്‍, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) പോലുള്ള പദ്ധതികളുടെ പ്രാധാന്യവും എടുത്തുപറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം വര്‍ഷങ്ങളായി മെച്ചപ്പെട്ടുവരുന്നതാണെന്നും ബൈഡന്‍ പറഞ്ഞുവെയ്ക്കുന്നുണ്ട്. 2006ല്‍ അമേരിക്ക-ഇന്ത്യ സിവില്‍ ആണവ കരാര്‍ സെനറ്റില്‍ പാസാക്കുന്നതിന് നേതൃത്വം നല്‍കിയതും അദ്ദേഹം ഓര്‍ത്തെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകാനാണ് താന്‍ ആഗ്രഹിച്ചത്. പാകിസ്താനുമായുള്ള അമേരിക്കയുടെ ബന്ധം അംഗീകരിക്കുമ്പോഴും ഇന്ത്യയുമായി ശക്തമായ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.

അമേരിക്ക, ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, ന്യൂസിലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന വിപുലമായ പസഫിക് കൂട്ടായ്മ രൂപീകരിക്കണമെന്നും ബൈഡന്‍ നിര്‍ദേശിച്ചു. ഈ രാജ്യങ്ങളുടെ സംയുക്ത സമ്പദ്വ്യവസ്ഥ ഏകദേശം 60 ട്രില്യണ്‍ ഡോളര്‍ വരുമെന്നും ചൈനയുടെ സമ്പദ്വ്യവസ്ഥ ഏകദേശം 19 ട്രില്യണ്‍ ഡോളറാണെന്നും ചൂണ്ടിക്കാട്ടി. സൈനിക സഹകരണം, പൊതുവായ മൂല്യങ്ങള്‍, കൂടുതല്‍ ഏകോപനം എന്നിവയിലൂടെ മേഖലയിലെ സ്ഥിരത ഉറപ്പാക്കാനും ചൈനയുടെ സ്വാധീനത്തെ നേരിടാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

2023 സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെയും ബൈഡന്‍ ശക്തമായി പിന്തുണച്ചു. കപ്പല്‍, റെയില്‍ ഗതാഗത സംവിധാനങ്ങള്‍ സംയോജിപ്പിച്ച് മുംബൈയില്‍ നിന്ന് അറേബ്യന്‍ ഉപദ്വീപ്, മിഡില്‍ ഈസ്റ്റ്, ഇസ്രായേല്‍ വഴി യൂറോപ്പിലെ തുറമുഖങ്ങളിലേക്ക് വ്യാപാര ബന്ധം സ്ഥാപിക്കുന്നതാണ് പദ്ധതി. ചൈനയുമായുള്ള സാമ്പത്തിക മത്സരത്തില്‍ സഹായിക്കുന്നതിനൊപ്പം ഇന്ത്യ, സൗദി അറേബ്യ, ഗള്‍ഫ് രാജ്യങ്ങള്‍, ജോര്‍ദാന്‍, വെസ്റ്റ് ബാങ്ക്, ഇസ്രായേല്‍ എന്നിവയെ ഒരു വ്യാപാര ശൃംഖലയില്‍ ബന്ധിപ്പിക്കാന്‍ ഇതിന് കഴിയുമെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍ ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരായ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ പദ്ധതിയുടെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്.

2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തെയും ബൈഡന്‍ തന്റെ ഓര്‍മക്കുറിപ്പില്‍ ന്യായീകരിച്ചു. പിന്‍വാങ്ങലിനിടെ ഉണ്ടായ പ്രതിസന്ധികളും രാഷ്ട്രീയ തിരിച്ചടികളും ഉണ്ടായിരുന്നെങ്കിലും യുദ്ധം അവസാനിപ്പിച്ചത് ശരിയായ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ അമേരിക്കയ്ക്ക് സൈനിക വിഭവങ്ങള്‍ പുനര്‍വിന്യസിക്കാമെന്നും ആവശ്യമുണ്ടെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ പുറത്തുനിന്ന് സൈനിക നടപടി നടത്താനുള്ള ശേഷി നിലനിര്‍ത്താമെന്നാണ് ബൈഡന്‍ വാദിച്ചത്. അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ശരിയായിരുന്നെന്നും അതേ തീരുമാനം താന്‍ വീണ്ടും എടുക്കുമായിരുന്നെന്നും ബൈഡന്‍ വ്യക്തമാക്കി.

Content Highlights: Former US President Joe Biden has described India as a key strategic partner in America's efforts to counter China's growing influence in his memoir Promise Me, America. He strongly backed strengthening bilateral ties and highlighted initiatives such as the India-Middle East-Europe Economic Corridor (IMEC). Biden recalled his role in securing Senate approval for the US-India civil nuclear agreement in 2006 and said he wanted to elevate the relationship further, citing clear strategic reasons for closer engagement with India despite Washington's ties with Pakistan.

dot image
To advertise here,contact us
dot image