

ടെല്‍ അവീവ്: ഇസ്രയേലില്‍ പുതിയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് (Likud) പാര്‍ട്ടിയും പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഗാഡി ഐസന്‍കോട്ടിന്റെ യാഷര്‍ (Yashar) പാര്‍ട്ടിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ധാരണയിലെത്താതെ അവസാനിച്ചു. ഞായറാഴ്ച ഹെര്ത്സ്ലിയയിലെ ഡാന്‍ അക്കാദിയ ഹോട്ടലില്‍ വച്ച് നാല് മണിക്കൂറോളം നീണ്ടുനിന്ന നിര്‍ണായക കൂടിക്കാഴ്ചയാണ് യാതൊരു ധാരണയുമില്ലാതെ പിരിഞ്ഞതെന്ന് ഇസ്രയേലി മാധ്യമങ്ങളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാറിന്റെ നേതൃത്വം ആര് വഹിക്കണം എന്നതിലും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിനെ (Itamar Ben-Gvir) പുതിയ സര്‍ക്കാറില്‍ ഉള്‍പ്പെടുത്തണമോ എന്നതിലുമാണ് ഇരുവിഭാഗങ്ങളും തമ്മില്‍ പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. 120 അംഗ സെനറ്റിൽ
(Knesset) 21 സീറ്റുകളുള്ള യാഷര്‍ പാര്‍ട്ടി, ബെന്‍-ഗ്വിറിനെ സര്‍ക്കാറില്‍ നിന്ന് ഒഴിവാക്കണമെന്ന് കര്‍ശനമായി ആവശ്യപ്പെട്ടു. എന്നാല്‍ 27 സീറ്റുകളുള്ള ലിക്കുഡ് പാര്‍ട്ടി ഈ ആവശ്യം മുന്‍കൂട്ടി അംഗീകരിക്കാന്‍ തയ്യാറായില്ല. ബെന്‍-ഗ്വിറിനെ ഭരണത്തില്‍ നിലനിര്‍ത്താനാണ് നെതന്യാഹു ആഗ്രഹിക്കുന്നത്.

ഇതിനുപുറമേ, പ്രധാനമന്ത്രിപദമടക്കമുള്ള വിഷയങ്ങളിലും ഇരു പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്ക്കുന്നു. ഭരണത്തിന്റെ തുടക്കത്തില്‍ ആര് പ്രധാനമന്ത്രിയാകുമെന്ന കാര്യത്തില്‍ ധാരണയായില്ല. യാഷര്‍ പാര്‍ട്ടി മുഴുവന്‍ കാലാവധിയിലും ഐസന്‍കോട്ട് തന്നെ പ്രധാനമന്ത്രിയാകണമെന്ന് നിലപാടെടുക്കുമ്പോള്‍, സര്‍ക്കാര്‍ അധികാരത്തിലേറുന്ന സമയം നെതന്യാഹു പ്രധാനമന്ത്രിയാകണമെന്നാണ് ലിക്കുഡ് പാര്‍ട്ടിയുടെ ആവശ്യം. നെതന്യാഹുവിനെതിരെയുള്ള രാഷ്ട്രീയ ബഹിഷ്കരണം അവസാനിപ്പിക്കണമെന്നും ലിക്കുഡ് പാര്‍ട്ടി ആവശ്യപ്പെടുന്നു. ഇതിന് പുറമെ സുരക്ഷ, നീതിന്യായം, ഭരണനയം തുടങ്ങിയ നിരവധി മേഖലകളില്‍ വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ട്.
തുടക്കത്തില്‍ തന്നെ പ്രധാനമന്ത്രിയാകണമെന്ന് നെതന്യാഹു വാശിപിടിച്ചതിനാല്‍ റൊട്ടേഷന്‍ വ്യവസ്ഥകളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നില്ല. ചര്‍ച്ചകള്‍ വെറും പ്രകടനപരമാകരുത് എന്നും ആത്മാര്ത്ഥതയുള്ളതായിരിക്കണമെന്നും ലിക്കുഡ് പാര്‍ലമെന്ററി വിഭാഗം നേതാവ് ഓഫീര്‍ കാറ്റ്സ് (Ofir Katz) ചര്‍ച്ചയ്ക്ക് മുമ്പ് പ്രതികരിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഞായറാഴ്ച രാവിലെ നെതന്യാഹു തന്റെ സഖ്യകക്ഷികളായ ഒത്സ്മ യെഹൂദിത് പാര്‍ട്ടി നേതാവ് ഇറ്റാമര്‍ ബെന്‍-ഗ്വിറുമായും (7 സീറ്റുകള്‍), റിലീജിയസ് സയണിസം പാര്‍ട്ടി നേതാവും ധനമന്ത്രിയുമായ ബസാലെല് സ്മോട്രിച്ചുമായും (6 സീറ്റുകള്‍) വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. അതേസമയം, 'ടുഗെദര്‍' (Together) സഖ്യത്തിന്റെ നേതാവായ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഒരു സഖ്യനിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ടുഗെദര്‍, യാഷര്‍, ലിക്കുഡ്, അവിഗ്ദോര്‍ ലീബര്‍മാന്റെ യിസ്രായേല്‍ ബെയ്തേനു എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി സഖ്യമുണ്ടാക്കാനും, ആദ്യഘട്ടത്തില്‍ ഐസന്‍കോട്ടും തുടര്‍ന്ന് നെതന്യാഹുവും പ്രധാനമന്ത്രിയാകാനുമായിരുന്നു ബെന്നറ്റിന്റെ നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശവും തള്ളിപ്പോയി.
ഐസന്‍കോട്ട് റൊട്ടേഷന്‍ സമ്പ്രദായത്തെ എതിര്‍ക്കുമ്പോള്‍ ആദ്യ ഘട്ടത്തില്‍ താന്‍ തന്നെ പ്രധാനമന്ത്രിയാകണമെന്ന് നെതന്യാഹു നിര്‍ബന്ധം പിടിക്കുന്നു. നെതന്യാഹു നേതൃത്വം നല്കാതിരുന്നാല് പോലും അദ്ദേഹം ഉള്‍പ്പെടുന്ന ഒരു സര്‍ക്കാറിലും പങ്കാളിയാകില്ലെന്ന് അവിഗ്ദോര്‍ ലീബര്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 8-നാണ് ഇസ്രായേല്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗാഡി ഐസന്‍കോട്ടിനെ ചുമതലപ്പെടുത്തിയത്. ഡിസംബര്‍ ആറിന് ഐസന്‍കോട്ടിന്റെ കാലാവധി അവസാനിക്കും. ഐക്യസര്‍ക്കാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, കാലാവധി തീരുന്നതിന് മുമ്പ് നെസെറ്റില്‍ വിശ്വാസവോട്ട് നേടി ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ (Minority government) രൂപീകരിക്കാനാണ് യാഷര്‍ പാര്‍ട്ടിയുടെ ആലോചന.
ഇതിനായി യൂസഫ് ജബരീന്റെ നേതൃത്വത്തിലുള്ള ജോയിന്റ് ലിസ്റ്റും മന്‍സൂര്‍ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് അറബ് ലിസ്റ്റും ഉള്‍പ്പെടെയുള്ള അറബ് പാര്‍ട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണ തേടും. ഈ രണ്ട് അറബ് പാര്‍ട്ടികള്‍ക്കുമായി നെസെറ്റില്‍ ആകെ 19 സീറ്റുകളുണ്ട്. സര്‍ക്കാറിലോ മന്ത്രിസഭയിലോ അംഗങ്ങളാകാതെ തന്നെ പുറത്തുനിന്നുള്ള ജനപ്രതിനിധികള്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പിന്തുണ നല്കാന് നിയമപരമായി സാധിക്കും.
2022 അവസാനത്തോടെയാണ് നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റത്. നിലവില്‍ അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിനെതിരെ, ഗാസയിലെ യുദ്ധക്കുറ്റങ്ങളും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി 2024 മുതല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ICC) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
Content Highlights: Talks between Netanyahu's Likud and Eisenkot's Yashar parties to form an Israeli unity government have failed over disagreements on leadership and Ben-Gvir's inclusion