

സിഗംപൂർ സിറ്റി: മെഗാസ്പീഡിൽ നിന്ന് ആലിസ് ഹുവാങ് 2025 ഓഗസ്റ്റിൽ ഒഴിവായതാണെന്ന് കമ്പനി. 2025 ഓഗസ്റ്റ് 30-ന് തന്നെ കമ്പനിയിൽനിന്ന് ഔദ്യോഗികമായി ഒഴിവായതാണെന്നാണ് മെഗാസ്പീഡ് അറിയിച്ചിരിക്കുന്നത്. നിലവിൽ കമ്പനിയിൽ അവർക്ക് യാതൊരു ഔദ്യോഗിക ചുമതലയും ഇല്ലെന്നും സിംഗപ്പൂർ ആസ്ഥാനമായ ക്ലൗഡ് കമ്പ്യൂട്ടിങ് കമ്പനി വ്യക്തമാക്കി. എന്നാൽ ആലിസ് ഹുവാങ്ങിന്റെ വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്ന് മെഗാസ്പീഡ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. എൻവിഡിയ മേധാവി ആയിരുന്ന ജെൻസൻ ഹുവാങ്ങുമായി ആലിസ് ഹുവാങ്ങിന് വിവാഹേതര ബന്ധമുണ്ടെന്ന മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് മെഗാസ്പീഡ് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. കമ്പനിയുടെ മുൻ എക്സിക്യൂട്ടീവായിരുന്ന ആലിസ് ഹുവാങിനെ ചൈനീസ് ചാരവനിതയാണെന്ന് യുഎസ് അധികൃതർ സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
നിയമാനുസൃതവും സുതാര്യവുമായ ബിസിനസ് പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും സമഗ്രമായ ആഭ്യന്തര അന്വേഷണം നടത്താൻ പുറത്തുനിന്നുള്ള നിയമവിദഗ്ധരുടെ സേവനം തേടിയിട്ടുണ്ടെന്നും മെഗാസ്പീഡ് അറിയിച്ചു. യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള ബാധകമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനാണ് കമ്പനിയുടെ പ്രവർത്തനങ്ങളും വിതരണ ശൃംഖല നിയന്ത്രണങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ C4ADS പരിശോധിച്ച കോർപ്പറേറ്റ് രേഖകൾ പ്രകാരം,2023 മാർച്ചിലാണ് ആലിസ് ഹുവാങ് മെഗാസ്പീഡിന്റെ നിയന്ത്രണ ഓഹരിയുടമയായത്.
എൻവിഡിയയുടെ ഏഷ്യ-പസഫിക് മേഖലയിലെ ബിസിനസ് പങ്കാളിയാണ് മെഗാസ്പീഡ്. വാഷിങ്ടണിന്റെ കയറ്റുമതി നിയന്ത്രണങ്ങൾക്ക് വിധേയമായ എൻവിഡിയയുടെ കമ്പ്യൂട്ടർ ചിപ്പുകൾ ചൈനീസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കമ്പനി സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ട് 2025 ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് മെഗാസ്പീഡ് യുഎസ് അന്വേഷണത്തിന്റെ പരിധിയിലാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ചൈന ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. മെഗാസ്പീഡ് നിയമങ്ങൾ ലംഘിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. തങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങൾ, വിതരണ ശൃംഖല, ആഗോള പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സമീപകാലത്ത് മാധ്യമങ്ങളിൽ വന്ന ചില റിപ്പോർട്ടുകൾക്ക് സ്ഥിരീകരിക്കാവുന്ന തെളിവുകളുടെ പിന്തുണയില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെ എൻവിഡിയ സിഇഒ സ്ഥാനത്തുനിന്നും ജെൻസൻ ഹുവാങ് രാജിവെച്ചിരുന്നു. താത്ക്കാലിക സിഇഒ ആയി കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ (സിഎഫ്ഒ) കൊലെറ്റ് ക്രെസ് ചുമതലയേൽക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. സ്ഥിരം പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും കമ്പനി അറിയിച്ചു. എൻവിഡിയയുടെ സഹസ്ഥാപകനായ ഹുവാങ് കമ്പനിയിലെ നാലാമത്തെ വലിയ നിക്ഷേപകനാണ്. ഏകദേശം 3.61 ശതമാനം ഓഹരികളാണ് അദ്ദേഹത്തിനുള്ളത്. രാജിക്കുശേഷം കമ്പനിയുടെ ഡയറക്ടർ ബോർഡിലും അദ്ദേഹം തുടരില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. കമ്പനിയിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥയുമായും ഹുവാങിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ ഇതിന് പിന്നാലെ പുറത്തുവന്നു. ഈ ഉദ്യോഗസ്ഥ നേരിട്ട് ഹുവാങിന് കീഴിലാണ് പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
Content Highlights: Megaspeed has clarified that Alice Huang left the company in August 2025, amid espionage allegations surrounding her departure