പ്രതിരോധ രംഗത്ത് തന്ത്രപ്രധാന പങ്കാളിത്തം; തുർക്കിയും ഖത്തറും പാകിസ്താനും ഇന്തോനേഷ്യയും ഒരുമിക്കുന്നു

ഇറാനുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ തുര്‍ക്കിയുടെ പങ്ക് വലുതാണ്

പ്രതിരോധ രംഗത്ത് തന്ത്രപ്രധാന പങ്കാളിത്തം; തുർക്കിയും ഖത്തറും പാകിസ്താനും ഇന്തോനേഷ്യയും ഒരുമിക്കുന്നു
dot image

ഖത്തര്‍: പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനും പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുമായി സംയുക്ത കരാറില്‍ ഒപ്പുവെച്ച് തുര്‍ക്കി, ഖത്തര്‍, പാകിസ്താന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍. ഖത്തറിലെ ദോഹയില്‍ നടന്ന ചടങ്ങില്‍ 'ബദര്‍ ധാരണാപത്രം' (Badr Memorandum of Understanding) എന്ന പേരിലുള്ള കരാറില്‍ ഒപ്പുവെച്ചതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സൈനിക ഉല്‍പ്പാദനം, സൈനിക ശേഷി വര്‍ധിപ്പിക്കല്‍, സാങ്കേതിക സൈനിക പരിശീലനം, ഗവേഷണം, വികസനം എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഓരോ രാജ്യത്തിന്റെയും സൈനിക ഉല്‍പ്പാദന മേഖലയിലെ ശേഷി പ്രയോജനപ്പെടുത്തി സൗഹൃദ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും കരാര്‍ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശേഷിയുള്ള തുര്‍ക്കിക്ക് ശക്തമായ പ്രതിരോധ വ്യവസായ മേഖലയുമുണ്ട്. ഇറാനുമായുള്ള യുദ്ധത്തെത്തുടര്‍ന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ തുര്‍ക്കിയുടെ പങ്ക് വലുതാണ്. ഖത്തറില്‍ തുര്‍ക്കിക്ക് സൈനിക താവളവുമുണ്ട്.

ഈ കരാറിലൂടെ നാല് രാജ്യങ്ങള്‍ക്കും ഒരുമിച്ച് വിതരണ ശൃംഖലകള്‍ സ്ഥാപിക്കാനാകും. അതിലൂടെ പ്രതിരോധ സംവിധാനങ്ങള്‍ സംയുക്തമായി വികസിപ്പിക്കാനും നിര്‍മിക്കാനും കഴിയും. പാകിസ്താനും ഇന്തോനേഷ്യയും തുര്‍ക്കിയുടെ ആയുധങ്ങള്‍ വാങ്ങാനും അവയുടെ ഉല്‍പ്പാദനത്തിന്റെ ഒരു ഭാഗം സ്വന്തം രാജ്യങ്ങളില്‍ നടത്താനും താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തുര്‍ക്കിയിലെ കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം പാകസ്താനിലും ഇന്തോനേഷ്യയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഖത്തര്‍ സാമ്പത്തികമായി ശക്തമായ പിന്തുണ നല്‍കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ പാകിസ്താനുമായും സൗദി അറേബ്യയുമായും തുര്‍ക്കി പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. കരാര്‍ പ്രകാരം ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാ പങ്കാളികള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും.

Content Highlights: Turkey, Qatar, Pakistan and Indonesia have signed the Badr Memorandum of Understanding in Doha to strengthen defence cooperation through joint military production, technology training, research and development.

dot image
To advertise here,contact us
dot image