ഇറാനെതിരെ അമേരിക്കയുടെ തുടര്‍ നീക്കം എങ്ങനെ? ട്രംപ്-ജിസിസി നിര്‍ണായ കൂടിക്കാഴ്ച ഇന്ന്

ഈ മാസം ആദ്യം സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ ആക്രമിക്കപ്പെട്ടതോടെ, ജിസിസി രാജ്യങ്ങളെ ഇനിയും ലക്ഷ്യമിടുമെന്ന ആശങ്ക ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്.

ഇറാനെതിരെ അമേരിക്കയുടെ തുടര്‍ നീക്കം എങ്ങനെ? ട്രംപ്-ജിസിസി നിര്‍ണായ കൂടിക്കാഴ്ച ഇന്ന്
dot image

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപ്-ജിസിസി നിര്‍ണായ കൂടിക്കാഴ്ച ഇന്ന് നടക്കും. ഇറാനുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള നീക്കങ്ങള്‍ ജിസിസി രാജ്യങ്ങളുടെ നേതാക്കളുമായി ചര്‍ച്ച ചെയ്യും.

ഇറാനെതിരെ വലിയ സൈനിക നീക്കങ്ങള്‍ക്ക് തയ്യാറാണെന്ന സൂചനകള്‍ ട്രംപ് പരസ്യമായി നല്‍കിയിട്ടുണ്ടെങ്കിലും, ധാരണാപത്രം ഒപ്പുവയ്ക്കുന്നതു പോലുള്ള ഒത്തുതീര്‍പ്പുകള്‍ മുന്നോട്ടുവയ്ക്കുന്നതിനാവും കൂടുതല്‍ സാധ്യതയെന്നാണ് കരുതുന്നത്.

Also Read:

അമേരിക്കയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ധാരണയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇറാനെ പൂര്‍ണമായി കീഴടങ്ങാന്‍ നിര്‍ബന്ധിക്കുക എന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത്തരമൊരു നീക്കത്തിന് ജിസിസി രാജ്യങ്ങളുടെ പിന്തുണ നിര്‍ണായകമാണ്. അതിനാല്‍ ആദ്യം സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെയും അനുബന്ധ സായുധ വിഭാഗങ്ങളുടെയും ഭീഷണിക്കെതിരെ അമേരിക്ക ഒപ്പം നില്‍ക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കേണ്ടിവരും. അമേരിക്ക സൈനികമായി കൂടുതല്‍ കടുത്ത നീക്കത്തിലേക്ക് പോവുകയാണെങ്കില്‍, ജിസിസി രാജ്യങ്ങളുടെ പിന്തുണ ലഭിക്കാന്‍ സാധ്യത കുറവായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഗസ്റ്റിലെ സമാന സാഹചര്യങ്ങളില്‍ ഇത് വ്യക്തമായിരുന്നു. ഈ മാസം ആദ്യം സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ ആക്രമിക്കപ്പെട്ടതോടെ, അമേരിക്കയുടെ പുതിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാനും അതിന്റെ അനുബന്ധ സംഘടനകളും ജിസിസി രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന ആശങ്ക ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്.

ഇറാനിലെ നിലവിലെ നേതാക്കളെ വീണ്ടും സൈനിക സമ്മര്‍ദത്തിലൂടെ കീഴടക്കുകയെന്നത് പ്രായോഗികമല്ല. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധപ്പെട്ട് ദീര്‍ഘകാല അനുഭവമുള്ള നേതാക്കളാണ് ഇറാന്റെ ഇപ്പോഴത്തെ ഭരണസംവിധാനത്തിലുള്ളത്.

കഴിഞ്ഞ ചില ആഴ്ചകള്‍ക്ക് മുമ്പ് വരെ, അമേരിക്കയുടെ ഇറാന്‍ നയം വിജയിക്കുന്നതായുള്ള സൂചനകളാണ് പ്രകടമായിരുന്നത്. പുതിയ ഉപരോധങ്ങളും തുറമുഖ ഉപരോധവും വഴി ഇറാനെ സമ്മര്‍ദത്തിലാക്കുന്നതിനൊപ്പം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതി സുഗമമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ ഇറാന്റെ രണ്ട് സഖ്യകക്ഷികള്‍ നടത്തിയ ആക്രമണങ്ങള്‍ ഈ സൂചനയല്ല നല്‍കുന്നത്.

Also Read:

ബാബ് അല്‍-മന്ദബ് കടലിടുക്കിനോട് ചേര്‍ന്ന പ്രദേശത്ത് ഹൂതി വിഭാഗത്തിന്റെ ആക്രമണവും, ചെങ്കടലിലേക്കുള്ള സൗദി എണ്ണ പൈപ്പ്ലൈന്‍ ലക്ഷ്യമാക്കിയ ഇറാഖി സായുധ സംഘങ്ങളുടെ ആക്രമണവും എണ്ണവില ഉയരാനും കാരണമായി. ഊര്‍ജ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന വിലയിരുത്തലുകളും വ്യാപകമായി. ഈ കാരണങ്ങളെല്ലാം ട്രംപ്-ജിസിസി കൂടിക്കാഴ്ച പുതിയൊരു സമീപനം രൂപപ്പെടുത്തുമെന്ന സൂചനയാണ് നല്‍കുന്നത്.

Content Highlights: Donald Trump will meet GCC leaders to discuss the US approach towards Iran amid West Asia tensions. The talks come as Gulf countries seek security assurances while concerns grow over military escalation, regional attacks and energy supply disruptions

dot image
To advertise here,contact us
dot image