ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയുമായി 66കാരൻ പിന്നിട്ടത് ഒമ്പത് മാസം; വൈദ്യശാസ്ത്രത്തിൽ ഇത് പുതുചരിത്രം

ലോകത്ത് ആദ്യമായാണ് പന്നിയുടെ വൃക്ക മനുഷ്യനില്‍ ഇത്രയും കാലയളവില്‍ തകരാറുകളില്ലാതെ പ്രവര്‍ത്തിക്കുന്നത്

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയുമായി 66കാരൻ പിന്നിട്ടത് ഒമ്പത് മാസം; വൈദ്യശാസ്ത്രത്തിൽ ഇത് പുതുചരിത്രം
dot image

വാഷിങ്ടണ്‍: ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ശരീരത്തില്‍ ഘടിപ്പിച്ച ശേഷം ഡയാലിസിസ് പോലും ചെയ്യാതെ ഒമ്പത് മാസത്തോളം ജീവിച്ച് അറുപത്തിയാറുകാരന്‍. ടൈപ്പ് 2 പ്രമേഹത്തെ തുടര്‍ന്ന് അന്തിമഘട്ട വൃക്കസ്തംഭനം ബാധിച്ച ടിം ആന്‍ഡ്രൂസ് എന്ന അമേരിക്കക്കാരനാണ് ഈ അപൂര്‍വ്വ നേട്ടത്തിന്റെ ഉടമ. ലോകത്ത് ആദ്യമായാണ് പന്നിയുടെ വൃക്ക മനുഷ്യനില്‍ ഇത്രയും കാലയളവില്‍ തകരാറുകളില്ലാതെ പ്രവര്‍ത്തിക്കുന്നത്. ഒമ്പത് മാസത്തിന് ശേഷം മനുഷ്യന്റെ വൃക്ക ഇയാളില്‍ വിജയകരമായി മാറ്റിവെക്കുകയും ചെയ്തു. ദി ലാന്‍സെറ്റ് എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് വൈദ്യശാസ്ത്രത്തിലെ ഈ നിര്‍ണായക മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്തത്.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനില്‍ വെച്ചുപിടിപ്പിക്കുന്ന സെനോട്രാന്‍സ്പ്ലാന്റേഷന്‍ വഴിയാണ് ഇത് സാധ്യമായത്. 271 ദിവസത്തോളമാണ് പന്നിയുടെ വൃക്ക ഡയാലിസിസിന്റെ സഹായമില്ലാതെ പ്രവര്‍ത്തിച്ചത്. പിന്നീട് പന്നിയുടെ വൃക്കയില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് നീക്കം ചെയ്യുകയായിരുന്നു. കുറച്ചുകാലം ഡയാലിസിസ് ചെയ്തശേഷം പിന്നീട് ഇയാളില്‍ മനുഷ്യന്റെ വൃക്ക വെച്ചുപിടിപ്പിക്കുകയുമായിരുന്നു.

വൃക്ക ദാതാവിനെ ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിവന്നതിനാലാണ് അദ്ദേഹം ഈ ചികിത്സയുടെ ഭാഗമായത്. മനുഷ്യന്റെ ശരീരത്തോട് ഇണങ്ങും വിധം ജനിതകമാറ്റം വരുത്തിയ യുകാട്ടന്‍ മിനിയേച്ചര്‍ ഇനത്തില്‍പ്പെട്ട പന്നിയുടെ വൃക്കയാണ് അദ്ദേഹത്തിന് മാറ്റിവെച്ചത്. പന്നിയുടെ വൃക്ക സ്വീകരിച്ചത് വഴി പിന്നീട് മനുഷ്യന്റെ വൃക്ക സ്വീകരിക്കുന്നതിന് യാതൊരുവിധ തടസങ്ങളും ശരീരത്തില്‍ ഉണ്ടായില്ലെന്നതും വൈദ്യരംഗത്തെ നേട്ടമായാണ് കണക്കാക്കുന്നത്. ഈ സംഭവത്തിലൂടെ വൃക്കരോഗികള്‍ക്ക് അനുയോജ്യമായ മനുഷ്യവൃക്ക ലഭിക്കുന്നതുവരെ ഡയാലിസിസിനെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാന്‍ ഇത്തരം സെനോട്രാന്‍സ്പ്ലാന്റുകള്‍ ഉപയോഗിക്കാമെന്നാണ് ഈ പഠനം തെളിയിക്കുന്നത്.

Content Highlights: A 66 year old man lived for nine months after receiving a genetically modified pig kidney transplant

dot image
To advertise here,contact us
dot image