ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനർനിര്‍മിച്ചു; 25കോടി പാകിസ്ഥാൻ സഹായമെന്ന് റിപ്പോർട്ട്

പഹല്‍ഗാം ഭീകരാക്രണമത്തിന് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷം മെയിൽ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ ഭാഗമായി ഏതാണ്ട് പൂര്‍ണമായും തന്നെ ആസ്ഥാനം തകര്‍ന്നിരുന്നു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനർനിര്‍മിച്ചു; 25കോടി പാകിസ്ഥാൻ സഹായമെന്ന് റിപ്പോർട്ട്
dot image

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു. പാകിസ്ഥാനിലെ ബഹാവല്‍പൂരിലെ ആസ്ഥാനമായ കെട്ടിടസമുച്ചയമാണ് പുനര്‍നിര്‍മിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷം മെയിൽ ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ ഭാഗമായി ഏതാണ്ട് പൂര്‍ണമായും തന്നെ ആസ്ഥാനം തകര്‍ന്നിരുന്നു.

പഞ്ചാബ് പ്രവിശ്യയിലുള്ള ഈ ക്യാമ്പ് പുതിയ മാര്‍ബിള്‍ പതിച്ചും, പുതിയ പെയിന്റും പ്ലാസ്റ്ററിംഗും നടത്തിയും നവീകരിച്ചു. ഒപ്പം കേടുപാടുകള്‍ സംഭവിച്ചിരുന്ന താഴികക്കുടങ്ങളും പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആക്രമണങ്ങള്‍ മൂലം ഉണ്ടായ കേടുപാടുകള്‍ ഫലപ്രദമായി മറച്ചുകൊണ്ട്, പ്രധാന ഹാളിലുണ്ടായിരുന്ന ഗര്‍ത്തങ്ങള്‍ നികത്തുകയും കെട്ടിടം പുതുക്കിപ്പണിയുകയും ചെയ്തിരിക്കുകയാണ്.

Also Read:

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന്‍ ഭരണകൂടം ജയ്‌ഷെ മുഹമ്മദിന് (ജെഇഎം) 25 കോടി പാകിസ്ഥാനി രൂപ ഘട്ടംഘട്ടമായി നല്‍കിയിരുന്നു എന്നാണ് വിവരം. ഇതില്‍ ഏകദേശം 11 കോടി രൂപ കേന്ദ്ര ഹാള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി മാത്രമാണ് ചെലവഴിച്ചത്. പ്രധാന കെട്ടിടസമുച്ചയത്തോട് ചേര്‍ന്നുള്ളതും കേടുപാടുകള്‍ സംഭവിച്ചതുമായ മദ്രസ അല്‍-സാബിര്‍, ജെഇഎം കമാന്‍ഡര്‍മാര്‍ ഉപയോഗിച്ചിരുന്ന താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ളവ നീക്കം ചെയ്യുകയും, അവിടെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയുമാണ്. ഈ വര്‍ഷം ഏപ്രിലില്‍ പരിശോധിച്ച ഉപഗ്രഹ ദൃശ്യങ്ങളിള്‍ പ്രകാരം പ്രസ്തുത സ്ഥലത്ത് വലിയ യന്ത്രങ്ങളും നിര്‍മ്മാണ വാഹനങ്ങളും ഉണ്ടായിരുന്നതും കേടുപാടുകള്‍ സംഭവിച്ച താഴികക്കുടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതും വ്യക്തമായിരുന്നു.

ആ ഉപഗ്രഹ ചിത്രങ്ങളില്‍ രേഖപ്പെടുത്തിയിരുന്ന അവസ്ഥയില്‍ നിന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്ന് ഏറ്റവും പുതിയ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങള്‍ നന്നാക്കുകയും സമുച്ചയം വീണ്ടും പ്രവര്‍ത്തനസജ്ജമായ നിലയിലാവുകയും ചെയ്തിരിക്കുന്നു. ജയ്‌ഷെ മുഹമ്മദ് നിരോധിത ഭീകര സംഘടനയാണെന്നിരിക്കെയാണ് ഈ പുനര്‍നിര്‍മ്മാണം നടക്കുന്നത്. 'സുബ്ഹാന്‍ അള്ളാ' സമുച്ചയത്തിന്റെ ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി ഈ സംഘടനയുമായി ബന്ധപ്പെട്ടവര്‍ പണം സമാഹരിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Also Read:

ഇന്ത്യയ്ക്കെതിരായ ജെഇഎം പ്രവര്‍ത്തനങ്ങളുമായി ബഹാവല്‍പൂര്‍ ക്യാമ്പിന് ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2016-ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുല്‍വാമ ചാവേര്‍ ആക്രമണം എന്നിവയുള്‍പ്പെടെയുള്ള നിരവധി പ്രധാന ആക്രമണങ്ങളുമായി ഈ ഭീകരസംഘടനയ്ക്ക് ബന്ധമുണ്ട്. പുല്‍വാമ ആക്രമണവും 'സുബ്ഹാന്‍ അള്ളാ' ക്യാമ്പില്‍ വെച്ചാണ് ആസൂത്രണം ചെയ്തതെന്നും കരുതപ്പെടുന്നു.

മെയ് 7-ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളും ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട 13 പേരില്‍ 10 പേരും അസ്ഹറിന്റെ ബന്ധുക്കളാണെന്ന് സംഘടന വ്യക്തമാക്കിയിരുന്നു. ലാഹോറില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ താവളം, പാകിസ്ഥാന്‍ കരസേനയുടെ 31-ാം കോര്‍പ്സിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്ന സൈനിക കേന്ദ്രത്തിന് (കന്റോണ്‍മെന്റ്) അടുത്തായാണ് നിലകൊള്ളുന്നത് എന്നത് ശ്രദ്ധേയമാണ്. 2002-ല്‍ പാകിസ്ഥാന്‍ ജയ്‌ഷെ മുഹമ്മദിനെ നിരോധിച്ചിരുന്നെങ്കിലും, ആ രാജ്യത്ത് നിന്ന് സംഘടന തുടര്‍ന്നും പ്രവര്‍ത്തിച്ചുവരുന്നു. അസ്ഹറും മറ്റ് മുതിര്‍ന്ന ജെയ്ഷെ നേതാക്കളും ഭരണകൂടത്തിന്റെ സംരക്ഷണയില്‍ പാകിസ്ഥാനില്‍ത്തന്നെ തുടരുകയാണ്.

Content Highlights: A report claims that a facility in Pakistan targeted during Operation Sindoor has been rebuilt. The reconstruction is reportedly linked to financial assistance of around ₹25 crore, according to the claim.

dot image
To advertise here,contact us
dot image