ജെഫ്രി എപ്‌സ്റ്റീന് മൊസാദുമായി ബന്ധമുണ്ടായിരുന്നെന്ന സംശയം പങ്കുവെച്ച് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്

എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ ട്രംപ് ഭരണകൂടത്തിന് ആശയവിനിമയത്തിൽ പിഴവ് സംഭവിച്ചുവെന്നും ജെ ഡി വാൻസ്

ജെഫ്രി എപ്‌സ്റ്റീന് മൊസാദുമായി ബന്ധമുണ്ടായിരുന്നെന്ന സംശയം പങ്കുവെച്ച് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്
dot image

വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീന് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയും അമേരിക്കൻ രഹസ്യാന്വേഷണ സംവിധാനത്തിലെ ഉന്നതരുമായും ബന്ധമുണ്ടായിരുന്നുവെന്ന് തോന്നുന്നതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. പോഡ്കാസ്റ്റർ ജോ റോഗന് നൽകിയ ദീർഘ അഭിമുഖത്തിലായിരുന്നു ജെ ഡി വാൻസിൻ്റെ പ്രതികരണം. എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ ട്രംപ് ഭരണകൂടത്തിന് ആശയവിനിമയത്തിൽ പിഴവ് സംഭവിച്ചുവെന്നും അഭിമുഖത്തിൽ ജെ ഡി വാൻസ് സമ്മതിക്കുന്നുണ്ട്.

'മിക്കവരും എപ്‌സ്റ്റീൻ മൊസാദിനുവേണ്ടി പ്രവർത്തിച്ചിരുന്നുവെന്നാണ് കരുതുന്നത്' എന്ന ജോ റോഗൻ പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു ജെ ഡി വാൻസിൻ്റെ പ്രതികരണം. 'മൊസാദോ, സിഐഎയോ, അല്ലെങ്കിൽ അമേരിക്കയിലോ ഇസ്രായേലിലോ മറ്റേതെങ്കിലും 'ഡീപ് സ്റ്റേറ്റ്' സംവിധാനമോ ആയിരിക്കാം. അമേരിക്കൻ രഹസ്യാന്വേഷണ സംവിധാനത്തിലെ ഉയർന്ന തലങ്ങളുമായും ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത വ്യക്തികളുമായും അദ്ദേഹത്തിന് വ്യക്തമായ ബന്ധമുണ്ടായിരുന്നു. എപ്‌സ്റ്റീൻ ഇസ്രായേലിലെ ഇടതുപക്ഷ ചായ്‌വുള്ള 'ഡീപ് സ്റ്റേറ്റ്' ഘടകങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി തോന്നുന്നു" എന്നായിരുന്നു ജെ ഡി വാൻസിൻ്റെ പ്രതികരണം. എപ്‌സ്റ്റീൻ അമേരിക്കയിലെയും ഇസ്രായേലിലെയും വിവിധ രാഷ്ട്രീയ നിലപാടുകളിലുള്ള ആളുകളുമായി സൗഹൃദം പുലർത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എപ്‌സ്റ്റീൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെയോ മറ്റേതെങ്കിലും വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെയോ ഏജന്റായിരുന്നുവെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ നിലവിലില്ലെന്നും ജെ ഡി വാൻസ് വ്യക്തമാക്കി.

അഭിമുഖത്തിൽ മുൻ അമേരിക്കൻ അറ്റോർണി ജനറൽ പാം ബോണ്ടിയെക്കുറിച്ചും വാൻസ് പ്രതികരിച്ചു. 'പാമിനെ എനിക്ക് വ്യക്തിപരമായി അറിയാം. എനിക്ക് അവരെ ഇഷ്ടമാണ്. അവിടെ ദുരുദ്ദേശ്യത്തോടെ എന്തെങ്കിലും ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തോട് പ്രതികരിക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ നമ്മുടെ കൈവശമുണ്ടായിരുന്ന വിവരങ്ങളെക്കുറിച്ച് അവർ അതിരുകടന്ന അവകാശവാദം ഉന്നയിച്ചു. അതിനാൽ, ബോണ്ടി കടുത്ത വിമർശനങ്ങൾ നേരിടുകയും, എപ്‌സ്റ്റൈൻ ഫയലുകളുടെ കാര്യത്തിൽ ഭരണകൂടത്തിന്റെ സുതാര്യതയെക്കുറിച്ച് ജനങ്ങളിൽ സംശയം ഉയരാൻ കാരണമാ'യെന്നും വാൻസ് പറഞ്ഞു. 'എപ്‌സ്റ്റൈൻ ഫയലുകളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിൽ ഞങ്ങൾക്ക് വ്യക്തമായ പിഴവുണ്ടായി. അത് ഞങ്ങൾ സമ്മതിക്കുന്നു. പക്ഷേ, എന്തെങ്കിലും മറച്ചുവെക്കാനാണ് ആ പിഴവ് സംഭവിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നില്ല' എന്നും ജെ ഡി വാൻസിൻ്റെ പ്രതികരിച്ചു.

എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട രേഖകൾ പൂർണമായി പുറത്തുവിടണമെന്ന നിയമപരമായ ബാധ്യത ഉണ്ടായിരുന്നെങ്കിലും പാം ബോണ്ടിയുടെ നേതൃത്വത്തിലുള്ള നീതിന്യായ വകുപ്പ് ചില രേഖകൾ പുറത്തുവിട്ടിരുന്നില്ല. അതേസമയം എപ്സ്റ്റിൻ്റെ ക്ലെയ്ൻ്റ് ലിസ്റ്റ് ഇപ്പോൾ എന്റെ മേശപ്പുറത്തുണ്ട് എന്ന ബോണ്ടിയുടെ മുൻ പ്രസ്താവന പിന്നീട് തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് ഏപ്രിലിൽ പാം ബോണ്ടിക്ക് സ്ഥാനം തെറിച്ചത്.

എപ്‌സ്റ്റീൻ കേസിന് പുറമെ അമേരിക്കയുടെ വിദേശനയം, ഇറാനുമായുള്ള സംഘർഷം, അമേരിക്ക–ഇസ്രായേൽ ബന്ധം തുടങ്ങിയ വിഷയങ്ങളിലും ജെ ഡി വാൻസ് അഭിമുഖത്തിൽ പ്രതികരിച്ചിട്ടുണ്ട്

അതേ സമയം 2026 ജനുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്ത് വിട്ട എപ്‌സ്റ്റീൻ ഫയലുകൾ ഏതെങ്കിലും രഹസ്യാന്വേഷണ ഏജൻസിയുടെ ഏജന്റായിരുന്നു എപ്സ്റ്റീനെന്ന് വ്യക്തമായി തെളിയിക്കുന്ന രേഖകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ 2020-ലെ ഒരു എഫ്‌ബിഐ മെമ്മോയിൽ എപ്സ്റ്റീൻ 'മൊസാദ് സ്വാധീനത്തിലായിരുന്ന ഒരു ഏജന്റായിരിക്കാമെന്നും ചാരപ്രവർത്തനത്തിനായി പരിശീലനം ലഭിച്ചിട്ടുണ്ടാകാമെന്നും ഒരു രഹസ്യവിവരദാതാവ് വിശ്വസിച്ചിരുന്നതായി' പരാമർശിക്കുന്നുണ്ട്. മുൻ ഇസ്രായേൽ പ്രതിരോധമന്ത്രി യെഹുദ് ബറാക്ക് ഉൾപ്പെടെയുള്ള മുതിർന്ന ഇസ്രായേൽ നേതാക്കളുമായും മൊസാദ് മുൻ ഉദ്യോഗസ്ഥനായ യോണി കോറനുമായും എപ്‌സ്റ്റീൻ സ്ഥിരമായി ഇ-മെയിൽ ആശയവിനിമയം നടത്തിയിരുന്നു. കോറൻ ന്യൂയോർക്കിലെ എപ്സ്റ്റീൻ്റെ വസതിയിൽ പതിവായി എത്തിയിരുന്നുവെന്നും രേഖകളിൽ പറയുന്നുണ്ട്. 2012-ൽ കോറന്റെ കാൻസർ ചികിത്സയ്ക്കുള്ള ചെലവ് എപ്സ്റ്റീൻ വഹിച്ചുവെന്ന സൂചനയും രേഖകളിലുണ്ട്. കൂടാതെ, തന്റെ ഫൗണ്ടേഷൻ വഴി ഫ്രണ്ട്സ് ഓഫ് ദി ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന് 25,000 ഡോളറും ജ്യൂവിഷ് നാഷണൽ ഫണ്ടിന് 15,000 ഡോളറും എപ്സ്റ്റീൻ സംഭാവന നൽകിയതായും രേഖകൾ വ്യക്തമാക്കിയിരുന്നു.

ഇസ്രായേലിനുവേണ്ടി എപ്‌സ്റ്റീൻ പ്രവർത്തിച്ചുവെന്ന ആരോപണങ്ങൾ ശക്തമായതിനെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. ജെഫ്രി എപ്‌സ്റ്റൈനും എഹുദ് ബറാക്കും തമ്മിലുണ്ടായിരുന്ന അടുത്ത ബന്ധം എപ്‌സ്റ്റീൻ ഇസ്രായേലിനുവേണ്ടി പ്രവർത്തിച്ചുവെന്നതിന് തെളിവല്ല. മറിച്ച് അതിന് വിരുദ്ധമായ കാര്യമാണ് അത് തെളിയിക്കുന്നത് എന്നായിരുന്നു നെതന്യാഹു കുറിച്ചത്.

കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ സാധാരണക്കാരായ ആളുകളുടെ വീട്ടിലെത്തി അവിടുത്തെ സ്ത്രീകളെ എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈം​ഗികമായി ഉപയോ​ഗിച്ചിരുന്നു എന്ന പരാതിയുമായി നിരവധി വനിതകൾ രം​ഗത്തെത്തിയിരുന്നു. ലോകം മുഴുവനുള്ള ആളുകളെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. എന്നാൽ 2019ലെ ജെഫ്രിയുടെ മരണത്തിന് ശേഷം ഇയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലെയിന്റുകളുടെയും പേരുകൾ, മറ്റ് അന്വേഷണ ഡാറ്റ എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് ഐക്കൺ മൈക്കൽ ജാക്‌സൺ, നടൻ അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈൻ എന്നിവർ ജെഫ്രി എപ്‌സ്റ്റീന്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഒരു രേഖയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമായ നിലയിൽ പരസ്യപ്പെടുത്തിയിട്ടില്ല.

Content Highlights: US Vice President JD Vance has publicly expressed suspicion over alleged links between Jeffrey Epstein and Israel's intelligence agency Mossad, reigniting debate over Epstein's international connections and conspiracy claims.

dot image
To advertise here,contact us
dot image