അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയ സംഭവം: പിന്നില്‍ മകളെ വിവാഹം കഴിച്ച് കൊടുക്കാത്തതിലെ വിരോധം

കേസില്‍ കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയ സംഭവം: പിന്നില്‍ മകളെ വിവാഹം കഴിച്ച് കൊടുക്കാത്തതിലെ വിരോധം
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത് മകളെ വിവാഹം കഴിച്ച് കൊടുക്കാത്തതിലുള്ള വിരോധം മൂലമെന്ന് പൊലീസ്. സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ വച്ച് കെട്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. കേസില്‍ കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സുധീഷ് എന്ന യുവാവാണ് കേസില്‍ ഒന്നാം പ്രതി. രണ്ടാം പ്രതി ഷംനാദ്. നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

പ്രതികള്‍ കിളിമാനൂര്‍ കുമ്മിള്‍ സ്വദേശികളാണെന്ന് നഗരൂര്‍ പൊലീസ് അറിയിച്ചു. നാല് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടക്കുന്നതായും വര്‍ക്കല, കല്ലമ്പലം, നഗരൂര്‍, കിളിമാനൂര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു വര്‍ക്കലയില്‍ അച്ഛനെയും മകനെയും പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. വടശ്ശേരിക്കോണം സ്വദേശികളാണ് ആക്രമണത്തിനിരയായത്. നഗരൂരിലെ പണിതീരാത്ത വീട്ടില്‍ വെച്ച് തടങ്കലിലാക്കി മര്‍ദ്ദിച്ച ശേഷം ഇവരെ ഉപേക്ഷിക്കുകയായിരുന്നു.

ചങ്ങലയ്ക്ക് കെട്ടി മുറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു. ജോലി നല്‍കാമെന്ന് പറഞ്ഞാണ് അനില്‍കുമാറിനെ വിളിച്ചു വരുത്തിയത്. വീട്ടില്‍ നിന്ന് നാടന്‍ ബോംബുകള്‍, തോക്ക്, ചങ്ങലകള്‍ മറ്റ് മാരകായുധങ്ങള്‍ എന്നിവ കണ്ടെത്തിയിരുന്നു. അനില്‍കുമാറിന്റെ ഭാര്യയെയും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. മകന്‍ അച്ചുവാണ് നഗരൂര്‍ പൊലീസിനെ വിവരം അറിയിച്ചത്. പരിക്കേറ്റ അനില്‍കുമാറിനെയും അച്ചുവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Content Highlights: Police said the alleged abduction and attempted murder of a father and son in Thiruvananthapuram was motivated by resentment over a marriage proposal being rejected.

dot image
To advertise here,contact us
dot image