കരാർ അന്തിമമായില്ലെങ്കിൽ വളരെ ശക്തമായി ആക്രമിക്കും: ഇറാനിൽ നിന്നും ബാരൽകണക്കിന് എണ്ണ മാറ്റുന്നുവെന്നും ട്രംപ്

ഇറാനുമായി ഒരു സമാധാന കരാർ‌ ഉണ്ടാക്കാൻ അമേരിക്ക ഇപ്പോഴും ആ​ഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി

കരാർ അന്തിമമായില്ലെങ്കിൽ വളരെ ശക്തമായി ആക്രമിക്കും: ഇറാനിൽ നിന്നും ബാരൽകണക്കിന് എണ്ണ മാറ്റുന്നുവെന്നും ട്രംപ്
dot image

ന്യൂയോർക്ക്: സമാധാന കരാർ അന്തിമമായില്ലെങ്കിൽ ഇറാനെതിരെ വളരെ ശക്തമായ ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഞങ്ങൾ അവരെ ആക്രമിക്കും, വളരെ ശക്തമായി ആക്രമിക്കും എന്ന് വ്യക്തമാക്കിയ ട്രംപ് ഇറാനിൽ നിന്ന് എണ്ണ പുറത്തെത്തിക്കുമെന്നും പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിൽ ഇറാൻ അമേരിക്കയുടെ ഒരു അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് ട്രംപിൻ്റെ പുതിയ ഭീഷണി.

ഇറാനിൽ നിന്ന് അമേരിക്ക എണ്ണ നീക്കം ചെയ്യുന്നുണ്ടെന്നും ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. "ഇന്ന് ആദ്യമായിട്ടാണ് ഞാൻ ഇത് പ്രഖ്യാപിക്കുന്നത്, പക്ഷേ ഞങ്ങൾ ദശലക്ഷക്കണക്കിന് ബാരൽ എണ്ണ, ദശലക്ഷക്കണക്കിന് ബാരലുകൾ എല്ലാ രാത്രിയും നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇറാന് ഇപ്പോൾ ഇത് മനസ്സിലായി എന്നും ട്രംപ് കൂട്ടിച്ചേർത്തു. ദശലക്ഷക്കണക്കിന് ബാരൽ എണ്ണ നീക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് എണ്ണ ബാരലിന് 250 ഡോളറിന് പകരം 85-90 ഡോളറിൽ എത്തിയിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു, എന്നാൽ എങ്ങനെയാണ് ഇറാനിൽ നിന്ന് എണ്ണ മാറ്റിയതെന്ന വിശദാംശങ്ങളൊന്നും ട്രംപ് പങ്കുവെച്ചില്ല.

ഇറാനുമായി ഒരു സമാധാന കരാർ‌ ഉണ്ടാക്കാൻ അമേരിക്ക ഇപ്പോഴും ആ​ഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അർത്ഥവത്തായ ഒരു കരാർ ഞങ്ങൾക്ക് വേണം, ഫലപ്രദമായ ഒരു കരാർ ഞങ്ങൾക്ക് വേണം എന്നായിരുന്നു ഇറാനുമായുള്ള ചർച്ചകളെ ചൂണ്ടിക്കാണിച്ചുള്ള ട്രംപിൻ്റെ പ്രതികരണം. ആണവായുധം സ്വന്തമാക്കില്ലെന്ന് ഇറാൻ ഇതിനകം സമ്മതിച്ചിട്ടുണ്ടെന്നും എന്നാൽ കരാറിൽ ഒപ്പുവെക്കേണ്ടതുണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു.

നേരത്തെ ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഒമാന്‍ തീരത്ത് കഴിഞ്ഞ ദിവസം യു എസ് ഹെലികോപ്റ്റര്‍ ആക്രമിച്ച് വീഴ്ത്തിയതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നായിരുന്നു അമേരിക്കൻ സൈന്യത്തിന്റെ വിശദീകരണം. പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ആക്രമണമെന്നും യുഎസ് വാദിച്ചിരുന്നു. ഹോര്‍മൂസ് കടലിടുക്കിന് ചുറ്റുമുള്ള വായു പ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരെയാണ് ആദ്യത്തെ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ഇറാന്റെ തുറമുഖ നഗരമായ സിറിക്, ബന്‍ഡാര്‍ അബ്ബാസ്, ഹോര്‍മൂസിന്റെ അതിര്‍ത്തിയായ ഖ്വേഷം ഐലാന്റ് എന്നിവിടങ്ങില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്റെ മെഹര്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോർട്ട് ചെയ്തിരുന്നു.

ആക്രമണത്തില്‍ രണ്ട് ജലസംഭരണികള്‍ തകര്‍ന്നതായി ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങും (ഐആര്‍ഐബി) റിപ്പോര്‍ട്ട് ചെയ്തു. ബമാനി ജില്ലയിലും കുഹെസ്താകിലും കുടിവെള്ളം വിതരണം ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ജലസംഭരണികളാണ് ഇവയെന്ന് ഹോര്‍മുസ്ഗാന്‍ വാട്ടര്‍ ആന്‍ഡ് വേസ്റ്റ് വാട്ടര്‍ കമ്പനി സിഇഒ അബ്ദുല്‍ ഹമീദ് ഹാംസെഹ്പുര്‍ പറഞ്ഞതായായിരുന്നു റിപ്പോർട്ട്. നിലവില്‍ മേഖലയിലേക്കുള്ള ജല വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.

അമേരിക്കൻ ആക്രമണത്തിന് ഇറാനും തിരിച്ചടി നൽകിയിരുന്നു. ജോര്‍ദാനിലെ യുഎസ് സൈനിക താവളം ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സാണ് (ഐആര്‍ജിസി) അറിയിച്ചത്. ദീര്‍ഘ ദൂര ഖര ഇന്ധന മിസൈലുകള്‍ ഉപയോഗിച്ചാണ് അല്‍ അസ്‌റഖില്‍ ആക്രമണം നടത്തിയതെന്ന് ഐആര്‍ജിസി വ്യക്തമാക്കിയത്. ബഹ്‌റൈനിലെ അമേരിക്കന്‍ ഫിഫ്ത് ഫ്‌ളീറ്റിലും ആക്രമണം നടത്തിയിട്ടുണ്ടെന്നായിരുന്നു ഇറാൻ്റെ അവകാശവാദം. കുവൈറ്റിലും ആക്രമണത്തിന് മുന്നോടിയായുള്ള സൈറണ്‍ മുഴങ്ങി. ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ അധികൃതര്‍ അറിയിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

Content Highlights: Iran has warned of a powerful response if ongoing negotiations fail, while claiming that millions of barrels of oil are being relocated from the country. The statement comes amid rising geopolitical tensions and uncertainty over future agreements.

dot image
To advertise here,contact us
dot image