

ടെഹ്‌റാന്‍: കൊല്ലപ്പെട്ടിട്ട് ഏഴ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ഇറാന്‍ ഭരണകൂടം ഇനിയും സംസ്‌കരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍-യുഎസ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ബഹുജന ഒത്തുചേരലുകളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്തുമാണ് സംസ്‌കാര ചടങ്ങ് ഭരണകൂടം നീട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ സാഹചര്യത്തില്‍ സംസ്‌കാര ചടങ്ങുകളുമായി മുന്നോട്ട് പോകാന്‍ ഭരണകൂടം വിമുഖത കാണിക്കുന്നതായി ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസിയിലെ ബെഹ്നം തല്ലേബ്ലു പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ പാരമ്പര്യമനുസരിച്ച് ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചിട്ടില്ല എന്നത് അസാധാരണമാണ്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വടക്കുകിഴക്കന്‍ ഇറാനിലെ ഖമനയിയുടെ ജന്മനാടായ മഷ്ഹദ് ശ്മശാന സ്ഥലമായി ഇറാനിയന്‍ അധികൃതര്‍ പരിഗണിക്കുന്നതായി വിവരമുണ്ട്. ഇവിടെ ഇമാം റെസ ആരാധനാലയത്തിന് സമീപം ഖമനയിയെ അടക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍ യുഎസ്, ഇസ്രയേല്‍ ആക്രമങ്ങള്‍ ശക്തമായതോടെ സംസ്‌കാര ചടങ്ങിനുള്ള പ്രാരംഭ പദ്ധതികള്‍ ഇറാന്‍ ഉപേക്ഷിച്ചിരുന്നു. ഇറാന്‍ സ്റ്റേറ്റ് മീഡിയയായിരുന്നു ഇത് സംബന്ധിച്ച വാര്‍ത്ത അന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും നടത്തിയ സംയുക്ത ആക്രമണത്തിലായിരുന്നു ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഖമനയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ഇതേ ആക്രമണത്തില്‍ ഖമനയിയുടെ ഭാര്യയും മകളും കൊച്ചുമകളും കൊല്ലപ്പെട്ടിരുന്നു. ആയത്തുള്ള ഖമനയിയുടെ മരണത്തിന് പിന്നാലെ മകന്‍ മൊജ്തബയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു.
Content Highlights- A report states that Ayatollah Khamenei’s body has not been buried even seven weeks after his death. The alleged delay by Iranian authorities has drawn attention and raised questions regarding the reasons behind postponing the burial