

രാജസ്ഥാൻ റോയൽസിനെതിരെ 57 റൺസിന്റെ മിന്നും ജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ 216 റൺസ് ടോട്ടൽ പിന്തുടർന്ന രാജസ്ഥാൻ 19 ഓവറിൽ 159 റൺസിന് ഓൾ ഔട്ടായി. സീസണിൽ രാജസ്ഥാന്റെ ആദ്യ തോൽവിയാണിത്. ഹൈദരാബാദിന്റെ രണ്ടാം ജയവും.
നാല് വിക്കറ്റ് വീതം വീഴ്ത്തിയ അരങ്ങേറ്റക്കാരായ പ്രഫുല്‍ ഫിംഗെ, സാഖിബ് ഹുസൈൻ എന്നിവരുടെ മിന്നും പ്രകടനമാണ് രാജസ്ഥാനെ തകർത്തത്. ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് നേടിയാണ് പ്രഫുല്‍ ഫിംഗെ ഞെട്ടിച്ചത്.
ഒരു ഘട്ടത്തിൽ മൂന്നോവറിൽ ഒമ്പത് റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന രാജാസ്ഥനെ രവീന്ദ്ര ജഡേജയും (45 ), ഡോൺവോൺ ഫെറേറിയ (69 ) എന്നിവർ ചേർന്നാണ് കരകയറ്റിയത്. വാലറ്റത്ത് തുഷാർ ദേശ്പാണ്ഡെയും പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് 216 റൺസിന്റെ ടോട്ടൽ ആണ് നേടിയത്. ഇഷാൻ കിഷന്റെ ഇന്നിങ്‌സാണ് ഹൈദരാബാദിന് കരുത്തായത്. 44 പന്തിൽ ആറ് സിക്‌സറും എട്ട് ഫോറുകളും അടക്കം 91 റൺസാണ് താരം നേടിയത്.
ഹെൻഡ്രിച്ച് ക്ലാസൻ 26 പന്തിൽ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 40 റൺസ് നേടി. നിതീഷ് കുമാർ റെഡ്‌ഡി 13 പന്തിൽ 28 റൺസും സലീൽ അറോറ 13 പന്തിൽ 24 റൺസും നേടി. ട്രാവിസ് ഹെഡ് 18 റൺസ് നേടി. രാജസ്ഥാന് വേണ്ടി ജോഫ്രെ ആർച്ചർ രണ്ട് വിക്കറ്റ് നേടി.
Content highlights: srh-vs-rr-ipl-2026-hyderabad-win-rajasthan-first-defeat-debutants-wickets