

വാഷിംഗ്ടൺ: സ്വയം യേശുവായി ചിത്രീകരിച്ച എഐ ചിത്രം വിമർശനങ്ങളെ തുടർന്ന് നീക്കം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപ് യേശുവായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനെതിരെ വ്യാപക വിമർശനമാണ് നടന്നത്. റിപ്പബ്ലിക്കൻ പാര്‍ട്ടിക്കുള്ളിലും വിമർശം ഉയർന്നിരുന്നു. ട്രംപ് നടത്തിയത് ദൈവ നിന്ദയാണെന്നും വിമർശനങ്ങൾ വരുന്നതിന് മുൻപ് പോസ്റ്റ് പിൻവലിക്കണമെന്നാണ് ചില വലതുപക്ഷ അനുകൂലികൾ പറഞ്ഞത്. ഇതിന് പിന്നാലെ ട്രംപ് ചിത്രം നീക്കം ചെയ്തു.
ഞയറാഴ്ച ഇറാൻ യുദ്ധത്തിനെതിരായ നിലപാടിന്റെ പേരിൽ ലിയോ പതിനാലാമനെ ദുർബലനെന്നും റാഡിക്കൽ ലെഫ്റ്റ് എന്നും വിളിച്ച് അധിക്ഷേപിച്ചത് പിന്നാലെയാണ് ട്രംപ് യേശുവായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റിട്ടത്. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലായിരുന്നു ചിത്രം പങ്കുവെച്ചത്. ലിയോ പതിനാലാമൻ മികച്ച പോപ്പ് ആയാൽ മതിയെന്നും അല്ലാതെ രാഷ്ട്രീയക്കാരൻ ആകേണ്ട എന്നായിരുന്നു ട്രംപിൻ്റെ വിമർശനം.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വിമർശനത്തിന് മറുപടിയുമായി ലിയോ പതിനാലാമൻ രംഗത്തെത്തിയിരുന്നു. ട്രംപ് ഭരണകൂടത്തെ തനിക്ക് ഭയമില്ല എന്നും യുദ്ധങ്ങൾക്കെതിരെ താൻ ഇനിയും സംസാരിക്കുമെന്നും ലിയോ പതിനാലാമൻ പറഞ്ഞു. തങ്ങൾ രാഷ്ട്രീയക്കാരല്ല. സമാധാനത്തിന്റെ പാലം പണിയാനാണ് താൻ മനുഷ്യരെ ക്ഷണിക്കുന്നത് എന്നും ലിയോ പതിനാലാമൻ പറഞ്ഞു.
Content Highlights: Trump post appearing to depict him as Jesus removed amid backlash