

പട്ന: നിതീഷ് കുമാർ രാജിവച്ചതിന് പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹത്തിൻ്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയാകില്ലെന്ന് റിപ്പോർട്ട്. പാർട്ടി പദവികളാകും നിഷാന്ത് ആദ്യം വഹിക്കുകയെന്നും അദ്ദേഹം തന്നെയാണ് മന്ത്രിപദവി വേണ്ട എന്ന് പറഞ്ഞതെന്നുമാണ് റിപ്പോർട്ടുകൾ. പാർട്ടിയുടെ സജീവ പ്രവർത്തകനാകാനാണ് നിഷാന്ത് ആഗ്രഹിക്കുന്നത് എന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബിഹാർ മന്ത്രിസഭാ പുനഃസംഘടനയിൽ നിഷാന്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും എന്നായിരുന്നു നേരത്തെയുളള വിലയിരുത്തലുകൾ. നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ നിഷാന്ത് പാർട്ടി അംഗത്വം സ്വീകരിച്ചതും ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാൻ വേണ്ടിയാണ് എന്നായിരുന്നു പ്രചാരണങ്ങൾ. നിഷാന്ത് ഉപമുഖ്യമന്ത്രി പദവി വേണ്ട എന്നുപറഞ്ഞതോടെ പകരം ആരായിരിക്കും എന്ന ആലോചനയും ശക്തമായിരിക്കുകയാണ്.
അതേസമയം, ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവും നിലവിൽ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി ചുമതലയേറ്റെടുക്കും എന്നാണ് റിപ്പോർട്ടുകൾ. നിർണായക മന്ത്രിസഭാ യോഗം നാളെയാണ് നടക്കുക. നാളെത്തന്നെയാണ് നിതീഷ് കുമാർ ഔദ്യോഗികമായി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുക.
സാമ്രാട്ട് ചൗധരിയോടാണ് നിതീഷിന് താത്പര്യം എന്നാണ് റിപ്പോർട്ടുകൾ. ഇത് ബിജെപി കേന്ദ്ര നേതൃത്വത്തെയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നേരത്തെതന്നെ സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് പലതവണ വിശേഷിപ്പിച്ചിരുന്നു. ഏപ്രിൽ 15നാകും പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 30നാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവെച്ചത്. പിന്നാലെ കാവൽ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു.
Content Highlights: After Nitish Kumar’s resignation, reports say Nishant Kumar will not be Deputy CM in Bihar cabinet reshuffle.