

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ താത്ക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയും താഴ്ന്നു. ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് 13.62 ശതമാനത്തിൻ്റെ കുറവുണ്ട്. ഇപ്പോൾ ക്രൂഡ് ഓയിൽ വില ബാരലിന് 95.068 ഡോളറാണ് (8,786.41 രൂപ). പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 109.77 ഡോളർ (10,145.99 രൂപ)വരെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ താത്ക്കാലിക വെടിനിർത്തൽ കരാറിലും ഹോർമൂസ് കടലിടുക്കിൻ്റെ കാര്യത്തിലും ധാരണയിലെത്തിയതോടെ ക്രൂഡ് ഓയിൽ ബാരലിന് ഏകദേശം 20 ഡോളർ വരെ കുറഞ്ഞിട്ടുണ്ട്. 35 ദിവസത്തോളം നീണ്ടുനിന്ന സംഘർഷത്തിനിടയിൽ ആദ്യമായാണ് ക്രൂഡ് ഓയിൽ വില ഇത്രയും കുറയുന്നത്. ഇത് ആഗോള വിപണിയിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. സംഘർഷത്തെ തുടർന്ന് ആഗോള എണ്ണ വിതരണ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിട്ടിരുന്നത്.
താത്ക്കാലിക വെടിനിർത്തലിനൊപ്പം ഹോർമൂസ് കടലിടുക്കും തുറന്ന് നൽകാമെന്ന ഇറാൻ്റെ നിർണായക തീരുമാനമാണ് ക്രൂഡ് ഓയിൽ വില കുറയാനുള്ള പ്രധാന കാരണം. സംഘർഷത്തെ തുടർന്ന് തന്ത്രപ്രധാനമായ ജലപാതയിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതിനാൽ അസംസ്കൃത എണ്ണ വില വർദ്ധിച്ചിരുന്നു. എന്നാൽ ഇന്ന് അമേരിക്കയും ഇറാനും താത്ക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലാക്കിയത്തോടെ എണ്ണവിലയിൽ ആശ്വാസമായ മാറ്റങ്ങൾ വന്നു.
പാകിസ്താൻ്റെ മധ്യസ്ഥതയിലാണ് ഇറാൻ്റെ ആവശ്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് താത്ക്കാലിക വെടിനിർത്തൽ ഇരുരാജ്യങ്ങളും അംഗീകരിച്ചത്. വെള്ളിയാഴ്ച്ച പാകിസ്താനിലെ ഇസ്ലാമാബാദിൽ നടക്കുന്ന മധ്യസ്ഥത ചർച്ചയിൽ കൂടുതൽ കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. യുദ്ധത്തിന് സ്ഥിരമായ അന്ത്യം, ലബനനിലടക്കം സമ്പൂർണ വെടിനിർത്തൽ തുടങ്ങി 10 നിർദേശങ്ങളാണ് വെടിനിർത്തലിൻ്റെ ഭാഗമായി ഇറാൻ മുന്നോട്ട് വെച്ചത്. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും യുദ്ധം അവസാനിച്ചെന്ന് ഇറാൻ അംഗീകരിക്കണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നുമാണ് ഇറാൻ്റെ നിലപാട്. അതേസമയം രണ്ടാഴ്ച ഹോർമുസിലൂടെ സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി
Content Highlights: Crude oil prices fall after temporary ceasefire in West Asia; down 13.62 percent per barrel