

തെഹ്റാൻ: ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാനൊരുങ്ങി ഇറാൻ. ആണവായുധങ്ങൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും അന്താരാഷ്ട്ര രാജ്യങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കരാറാണ് ആണവ നിർവ്യാപന കരാർ. ഈ കരാറിൽ നിന്നും രാജ്യം പിന്മാറാനുള്ള ആലോചനകൾ നടത്തിവരുകയാണെന്ന് ഇറാൻ്റെ വിദേശകാര്യ വക്താവ് പറഞ്ഞു. അതേ സമയം, ആണവായുധം നിർമ്മിക്കാനോ ഉപയോഗിക്കാനോ രാജ്യം ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കി.
ആണവ നിർവ്യാപന കരാറിൽ പങ്കാളിയായിട്ടും അമേരിക്കയും ഇസ്രയേലും ഇറാനെ ഭീഷണിപ്പെടുത്തുകയും തങ്ങളുടെ ആണവ ഊർജ്ജത്തെ കടന്നാക്രമിക്കുകയും ചെയ്യുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യങ്ങൾ തുടരുമ്പോഴും കരാറിൽ പങ്കാളിയായി നിൽകുന്നതിൽ അർത്ഥമില്ലെന്നും ഇറാൻ വക്താവ് ചൂണ്ടികാട്ടി.
അതേസമയം, തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്നും ആണവ വസ്തുക്കളെ ഊർജ്ജ നിർമാണത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഇറാൻ്റെ വിദേശകാര്യ വക്താവ് വ്യക്തമാക്കി. അമേരിക്ക ഇറാൻ്റെ യുറേനിയം പ്ലാൻ്റുകൾ ആക്രമിക്കാൻ ശ്രമം നടത്തുന്നതിൻ്റെ ഇടയിലാണ് ഇറാൻ്റെ പ്രതികരണം. അമേരിക്കയും ഇസ്രയേലും ആണവ ആയുധനിർമ്മാണത്തെ ചൊല്ലിയാണ് ഇറാനെതിരെ ഭീഷണിയും ആക്രമണവും നടത്തിയതെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായി പറഞ്ഞു. കരാറിൽ ഏർപ്പെട്ടിട്ടും ഇറാനെതിരെ ഭീഷണിയും ആക്രമണങ്ങളും തുടരുകയാണെന്നും ഇസ്മയിൽ ബഗായി ചൂണ്ടികാട്ടി. കരാറിൽ നിന്ന് ഇറാന് പ്രയോജനങ്ങൾ ഉണ്ടായില്ലെന്ന് മാത്രമല്ല കരാർ മറികടന്ന് അമേരിക്ക തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുകയാണെന്നും ഇറാൻ പറഞ്ഞു.
അതേസമയം ഇറാനെതിരെ വീണ്ടും യുദ്ധ ഭീഷണി ഉയർത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകിയില്ലെങ്കിൽ ഇറാനെ ആക്രമിച്ച് തകർക്കുമെന്ന് ആവർത്തിച്ച് പറയുകയാണ് ട്രംപ്. സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാകണമെന്നും ഇറാനിൽ ഭരണമാറ്റം വേണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഹോർമൂസ് ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ വൈദ്യുതനിലയങ്ങളെയും എണ്ണശാലകളെയും കേന്ദ്രീകരിച്ച് സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.
സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് വീണ്ടും മുന്നറിയിപ്പുമായി എത്തിയത്. സംഘർഷം അവസാനിപ്പിക്കാനും ഹോർമൂസ് ഉപരോധം പിൻവലിക്കാനുമായി ചർച്ചകൾ നടന്നുവരുകയാണെന്നും ഇറാൻ സഹകരിച്ചില്ലെങ്കിൽ സൈനിക നടപടി നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. തന്ത്രപ്രധാനമായ ജലപാത ഉടൻ തന്നെ തുറന്ന് കൊടുത്തില്ലെങ്കിൽ അമേരിക്ക ഇറാൻ്റെ ഖാർഗ് ദ്വീപും വൈദ്യുതനിലയങ്ങളും എണ്ണശാലകളും തകർക്കുമെന്നാണ് ട്രംപിൻ്റെ പ്രതികരണം.
Content Highlights: Iran prepares to withdraw from nuclear non-proliferation treaty