

ടെഹ്‌റാൻ: ആക്രമണം രൂക്ഷമാക്കിയാൽ ഇറാന്റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തങ്ങൾക്ക് ഇറാന്റെ വൈദ്യുതിശേഷി ഒരു മണിക്കൂറിനുള്ളിൽ തകർക്കാൻ കഴിയുമെന്നും എന്നാലത് അവർക്ക് പുനർനിർമിക്കണമെങ്കിൽ 25 വർഷം വേണ്ടിവരുമെന്നും അത് ചെയ്യാതിരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നുമാണ് ട്രംപിന്റെ ഭീഷണി.
ട്രംപിന്റെ ഭീഷണിക്ക് അതേ നാണയത്തിൽ മറുപടി നൽകി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. ഇറാന്‍റെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്കുമേൽ ആക്രമണം നടത്തിയാൽ മേഖലയാകെ അരമണിക്കൂറിനകം ഇരുട്ടിലാകുമെന്നും ഈ നേരം സുരക്ഷ തേടി അമേരിക്കൻ സൈനികർ ഓടേണ്ടിവരുമെന്നും ഈസമയം അവരെ വേട്ടയാടുമെന്നും ലാരിജാനി പറഞ്ഞു. 'ഇറാന്റെ വൈദ്യുതി ശേഷി ഒരു മണിക്കൂറിനകം തകർക്കാൻ കഴിയുമെന്നും എന്നാലത് ചെയ്തിട്ടില്ലെന്നുമാണ് ട്രംപ് പറഞ്ഞിട്ടുള്ളത്. 'അവർ അങ്ങനെ ചെയ്താൽ അരമണിക്കൂറിനുള്ളിൽ മുഴുവൻ മേഖലയും ഇരുട്ടിലാകും. സുരക്ഷയ്ക്കായി ഓടുന്ന സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് ധാരാളം' എന്നാണ് ലാരിജാനിയുടെ പ്രതികരണം.
അതേസമയം ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി വ്യക്തമാക്കുകയുണ്ടായി. മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും പൂട്ടണമെന്നും അല്ലെങ്കില്‍ അവയ്ക്ക് നേരെയുളള ആക്രമണം തുടരുമെന്നുമാണ് മൊജ്തബയുടെ പ്രതികരണം. രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷമുളള ആദ്യ സന്ദേശത്തിൽ മൊജ്തബ വ്യക്തമാക്കി.
'ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരും. മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും ഉടന്‍ പൂട്ടണം. അല്ലെങ്കില്‍ അവയ്ക്ക് നേരെയുളള ആക്രമണം തുടരും. അയല്‍ രാജ്യങ്ങളുമായുളള സൗഹൃദത്തിലാണ് ഇറാന്‍ വിശ്വസിക്കുന്നത്. യുഎസ് കേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യംവയ്ക്കൂ. കൊല്ലപ്പെട്ട പരമോന്നത നേതാവിന്റേത് മുതല്‍ കുഞ്ഞുങ്ങള്‍ വരെയുളള രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും', മൊജ്തബ ഖമനയി പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും നഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നുമാണ് മൊജ്തബ പറഞ്ഞത്.
Content Highlights: Iran’s top security official Ali Larijani warned that if the United States targets power grid infrastructure, the entire region could face widespread blackouts