മൊജ്തബയ്ക്ക് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

ഇറാനെതിരെ നടക്കുന്നത് നിയമവിരുദ്ധമായ സൈനിക നീക്കമാണെന്ന് ഉത്തര കൊറിയ

മൊജ്തബയ്ക്ക് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം
dot image

പ്യോങ്യാങ്: മൊജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തതിനെ പിന്തുണച്ച് ഉത്തര കൊറിയ. ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണത്തെ ഉത്തരകൊറിയ അപലപിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു.

വധിക്കപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്തബ ഖമനയിയെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത ഇറാന്റെ തീരുമാനത്തെയും നേതാവിനെ തെരഞ്ഞെടുക്കാനുള്ള ജനതയുടെ അവകാശത്തെയും ബഹുമാനിക്കുന്നുവെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ഇറാനുമേൽ ഇസ്രയേലും യുഎസും നടത്തുന്നത് നിയമവിരുദ്ധ ആക്രമണമാണെന്നും അതിൽ കടുത്ത ആശങ്കയും അതൃപ്തിയും അറിയിക്കുകയാണെന്നും ഉത്തര കൊറിയ അഭിപ്രായപ്പെട്ടു. ഇറാനെതിരെ നടക്കുന്നത് നിയമവിരുദ്ധമായ സൈനിക നീക്കമാണ്. ഇത് പ്രദേശത്തെ സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ ഇളക്കുന്നതും ആഗോള തലത്തിൽ അസ്ഥിരതയ്ക്ക് ഇടയാക്കുന്നതും ലോക സമാധാനം ഇല്ലാതാക്കുന്നതുമാണ് ആക്രമണം. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയെയും പ്രാദേശിക ഐക്യത്തെയും ഇല്ലാതാക്കും. അത് അംഗീകരിക്കാനാകില്ല. ലോകമൊന്നാകെ ഇതിനെ അപലപിക്കുകയും എതിർക്കുകയും വേണമെന്നും ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

അതേസമയം സംഘർഷം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം പതിയ പടക്കപ്പലിൽനിന്ന് ഉത്തര കൊറിയ ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചിരുന്നു. കിം ജോങ് ഉൻ നേരിട്ടെത്തിയാണ് പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചതെന്നാണ് വിവരം. ഇറാനെതിരായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉത്തര കൊറിയ പുതിയ പരീക്ഷണം നടത്തിയതിൽ ആശങ്കയും ഉയർന്നിരുന്നു.

മുജ്തബ ഖമനയിയെ തെരഞ്ഞെടുത്തതിന് പിന്നാലെ ഇറാന് പിന്തുണയുമായി ചൈനയും രംഗത്തെത്തിയിരുന്നു. ഇറാന്റെ പരമാധികാരവും സുരക്ഷയും പ്രാദേശിക സമഗ്രതയും മാനിക്കണമെന്നും മുജ്തബയുടെ സ്ഥാനാരോഹണം ഇറാന്റെ ആഭ്യന്തര വിഷയമാണെന്നുമായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞത്.

Content Highlights: North Korea back Iran's new supreme leader Mojtaba Khamenei 

dot image
To advertise here,contact us
dot image