

ധാക്ക: സൗദി അറേബ്യയില്‍ ബംഗ്ലാദേശ് സ്വദേശികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയതില്‍ പ്രതിഷേധം ശക്തം. ബംഗ്ലാദേശിനെ അറിയിക്കാതെ വധശിക്ഷ നടപ്പാക്കിയതിനെ ചോദ്യം ചെയ്ത് രാജ്യം സൗദിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ താന്‍ വളരെ നിരാശനാണെന്നും എന്തിന് വധശിക്ഷ നടപ്പാക്കി, എന്തുകൊണ്ട് വധശിക്ഷയെ കുറിച്ച് അറിയിച്ചില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹുമയൂണ്‍ കൊബിര്‍ പ്രതികരിച്ചു.
'വിഷയത്തെ കുറിച്ച് ഞങ്ങളുടെ നല്ല ഉഭയകക്ഷി പങ്കാളിയായ ബംഗ്ലാദേശിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിവരങ്ങള്‍ കൈമാറുന്നതില്‍ എന്തുകൊണ്ട് വിടവ് സംഭവിച്ചെന്നും ചോദിച്ചിട്ടുണ്ട്', അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തെ കുറിച്ചും നിയമനടപടികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് ബംഗ്ലാദേശ് സൗദി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ശമാ ഒബെയ്ദ് ഇസ്‌ലാമും പ്രതികരിച്ചിട്ടുണ്ട്. സൗദി സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും വിദേശത്തുള്ള ബംഗ്ലാദേശികളുടെ ക്ഷേമവും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ വധശിക്ഷയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം സൗദിയെ സമീപിച്ചിരുന്നു. സൗദി അറേബ്യ പങ്കുവെച്ച ജയില്‍ തടവുകാരുടെ പട്ടികയില്‍ ഇവര്‍ രണ്ടുപേരും ഉണ്ടായിരുന്നുവെന്നും എന്നാല്‍ വധശിക്ഷ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നില്ലെന്നും ബംഗ്ലാദേശ് പറഞ്ഞിരുന്നു. നിലവില്‍ നല്ല ഉഭയകക്ഷി ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ് ബംഗ്ലാദേശും സൗദി അറേബ്യയും. സൗദി അറേബ്യയില്‍ ഏകദേശം മൂന്ന് മില്യണിലധികം ബംഗ്ലാദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ പേരും തുച്ഛമായ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്.
ഇതാദ്യമായല്ല, സൗദിയില്‍ മറ്റ് രാജ്യത്തെ പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം മാത്രം 100ഓളം പേരെയാണ് ആകെ സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഇതില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് വിധിക്കപ്പെട്ടവരാണ്.
ഒക്ടോബര്‍ 14ന് മക്കയിലെ ഒരു പള്ളിയില്‍ വെച്ച് 'അനാവശ്യ പ്രവർത്തി'യില്‍ ഏര്‍പ്പെട്ടു എന്ന കാരണത്താല്‍ ബംഗ്ലാദേശ് പൗരരായ നസ്‌റുല്‍ ഇസ്ലാം, സ്വീറ്റീ അഖ്തര്‍ എന്നിവരെ സൗദി വധശിക്ഷയ്ക്ക് വിധിച്ചെന്ന് സൗദി അറിയിക്കുകയായിരുന്നു. കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്തും പള്ളിയുടെ പവിത്രത ലംഘിച്ചതിനാലുമാണ് നടപടിയെന്ന് സൗദി അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Content Highlights: Strong protests have emerged in Bangladesh following the incident of Bangladeshi nationals in Saudi Arabia. Bangladesh has questioned Saudi authorities over carrying it without informing the country in advance and has sought clarification through diplomatic channels.