

റിയാദ്: എണ്ണശാലകൾക്ക് നേരെ ഇറാനിൽ നിന്ന് പലതവണ ആക്രമണമുണ്ടായ സാഹചര്യത്തിൽ തിരിച്ചടിക്കാനുള്ള സൈനികസന്നാഹങ്ങൾ സൗദി അറേബ്യ ഒരുക്കിയതായി റിപ്പോർട്ട്. എണ്ണ ഉത്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇനിയും ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് സൗദി ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്.
സൗദി അറേബ്യയിലെ വമ്പൻ എണ്ണശുദ്ധീകരണശാലയായ റാസ് തനൂറയ്ക്കുനേരേ ഇന്നലെ ഇറാൻ്റെ ഡ്രോണാക്രമണമുണ്ടായിരുന്നു. ഡ്രോണുകൾ തകർത്തെങ്കിലും അവശിഷ്ടങ്ങൾ പതിച്ച് തീപിടിത്തമുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലകളിൽ ഒന്നാണ് ആരാംകോയുടെ ഉടമസ്ഥതയിലുള്ള ഈ എണ്ണശുദ്ധീകരണശാല. ആക്രമണത്തെത്തുടർന്ന് ഒരുഭാഗത്തിന്റെ പ്രവർത്തനം തത്കാലത്തേക്ക് നിർത്തിവെക്കുകയാണെന്ന് ഊർജമന്ത്രാലയം അറിയിച്ചു. ദിവസം 55,000 വീപ്പ എണ്ണയാണ് ഇവിടെ ശുദ്ധീകരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഓയിൽ പോർട്ടുകളിൽ ഒന്നും ഇവിടെയാണ്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണകയറ്റുമതി രാജ്യമാണ് സൗദി. ഗൾഫിൻ്റെ കിഴക്കേ തീരത്താണ് അവരുടെ ഭൂരിഭാഗം എണ്ണപ്പാടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ളത്. ഇതിന് നേരെ എതിർ വശത്താണ് ഇറാൻ. അതേസമയം തലസ്ഥാനമായ റിയാദിലെ വ്യോമത്താവളത്തെ ലക്ഷ്യംവെച്ചെത്തിയ ഡ്രോൺ സൗദി നിർവീര്യമാക്കി. യുഎസ് സൈനികരുള്ള ഈ താവളത്തെ തുടർച്ചയായ മൂന്നാംദിനമാണ് ഇറാൻ ലക്ഷ്യമിട്ടത്.
Content Highlights: Saudi Arabia has reportedly prepared military forces to retaliate if necessary in the event of repeated attacks from Iran