

വാഷിംങ്ടൺ: ഇറാനിലെ അമേരിക്കൻ ആക്രമണത്തോട് യുഎസ് ജനതയ്ക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കി സർവേ. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഉൾപ്പെടെ കൊലപാതകത്തിന് ഇടയാക്കിയ ഇറാനിലെ ഇസ്രയേൽ-യുഎസ് സൈനിക ആക്രമണത്തെ അമേരിക്കക്കാരിൽ നാലിൽ ഒരാൾ മാത്രമേ അംഗീകരിക്കുന്നുള്ളൂവെന്ന് സർവേ ഫലം വ്യക്തമാക്കുന്നു.
സർവെയിൽ പങ്കെടുത്ത 43 ശതമാനം അമേരിക്കക്കാരും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തെ വിമർശിക്കുന്നവരും ഇറാനെതിരായ ആക്രമണത്തെ അംഗീകരിക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുന്നവരുമാണ്. ബാക്കിയുള്ളതില്‍ 29 ശതമാനം ആളുകൾക്ക് ഇതിൽ വ്യക്തമായ അഭിപ്രായമില്ല.
യുഎസ് നീക്കത്തെ ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി ശക്തമായി പിന്തുണക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ ഉയർന്നിരുന്നതെങ്കിലും അത് ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് സർവേ
ഫലം. 55 ശതമാനം റിപ്പബ്ലിക്കൻ പാർട്ടിക്കാർ യുഎസ് നടത്തിയ ആക്രമണത്തെ പിന്തുണക്കുമ്പോൾ 13 ശതമാനം അതിനെ പിന്തുണക്കുന്നില്ലെന്നും 32 ശതമാനം പേർക്ക് പ്രത്യേകിച്ച് അഭിപ്രായങ്ങളില്ലെന്നും സർവേ ഫലത്തിൽ പറയുന്നു.
മിഡിൽ ഈസ്റ്റിലെ യുഎസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്താൽ, ഏകദേശം 42 ശതമാനം റിപ്പബ്ലിക്കൻന്മാരും ഈ ഓപ്പറേഷനെ പിന്തുണയ്ക്കാനുള്ള സാധ്യത കുറയുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. അമേരിക്കയിൽ ഗ്യാസ്, എണ്ണ വില വർധിച്ചാലും ഇറാനെതിരായ നീക്കത്തെ പിന്തുണക്കുന്നതിൽനിന്ന് ജനം പിന്മാറുമെന്ന് സർവെ ഫലം വ്യക്തമാക്കുന്നു. 45 ശതമാനം അമേരിക്കക്കാരും 34 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഇത്തരമൊരു സാഹചര്യത്തിൽ ട്രംപിന്റെ തീരുമാനത്തിനെതിരെ തിരിയുമെന്നാണ് ഫലം വ്യക്തമാക്കുന്നത്.
74 ശതമാനം ഡെമോക്രാറ്റുകളും ഇറാനെതിരായ യുഎസ് ആക്രമണത്തെ എതിർക്കുന്നവരാണ്. ഏഴ് ശതമാനം മാത്രമാണ് ഇതിനെ അംഗീകരിക്കുന്നത്, 19 ശതമാനം ഡെമോക്രാറ്റുകൾക്ക് ഇതേ കുറിച്ച് അഭിപ്രായങ്ങളില്ല.
അതേസമയം ഇറാനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ ജനം തെരുവിലിറങ്ങിയിരുന്നു. ടൈംസ് സ്‌ക്വയർ, വാഷിംങ്ടൺ, ചിക്കാഗോ, ബോസ്റ്റൺ, ന്യൂയോർക്ക്, ലോസ് അഞ്ചൽസ്, മിയാമി, മിനിയാ പൊളിസ്, അറ്റ്‌ലാന്റ തുടങ്ങി വിവിധ അമേരിക്കൻ നഗരങ്ങളിലാണ് അനേകായിരങ്ങൾ പ്രതിഷേധമുയർത്തിയത്. ആക്രമണങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് പകരം അമേരിക്ക അത് വിദ്യാഭ്യാസ മേഖലയിലോ ആഭ്യന്തര വളർച്ചയ്‌ക്കോ വിനിയോഗിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ഭരണകൂടത്തിന്റെ അനുമതിയോടെ അല്ല ട്രംപിന്റെ നീക്കമെന്നും അദ്ദേഹം സ്വന്തം നിലയിലാണ് ഇതിനെല്ലാം ഇറങ്ങിപ്പുറപ്പെടുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. യുഎസിന്‍റെ സൈനിക ഇടപെടലിനെ വിമർശിച്ച പ്രതിഷേധക്കാർ, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തിലേക്ക് നയിക്കാനാണ് ട്രംപിന്‍റെ നീക്കമെന്നും വിമർശിച്ചിരുന്നു. ട്രംപിനെതിരെ മുദ്രാവാക്യം വിളിച്ചും യുദ്ധവെറിക്കെതിരെ പ്ലക്കാര്‍ഡുകള്‍ പിടിച്ചുമായിരുന്നു പ്രതിഷേധം.
Content Highlights: just one in four American's supports US move against Iran, poll finds