

തെഹ്‌റാന്‍: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഖ്വാമിലെ ജംകരാന്‍ പള്ളിയുടെ മിനാരത്തില്‍ ചുവന്ന കൊടി ഉയര്‍ത്തി ഇറാന്‍. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പള്ളി മിനാരത്തില്‍ ചുവന്ന കൊടി ഉയര്‍ത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു. ജംകരാന്‍ പള്ളിയുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍-സയണിസ്റ്റ് കുറ്റവാളികളോട് പ്രതികാരം ചെയ്യുമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പബ്ലിഷ് ചെയ്തത്.
പ്രതികാരത്തിന്റെയും ക്രോധത്തിന്റെയും അടയാളമായാണ് പള്ളിമിനാരത്തിന് മുകളില്‍ ചെങ്കൊടി ഉയര്‍ത്തുന്നത്. ഷിയാ പാരമ്പര്യം അനുസരിച്ച് ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കുമെന്നതിന്റെ മതപരവും സൈനികവുമായ പ്രതീകമാണ് ചുവന്ന പതാക.
ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തെ സ്മരിച്ച് കൊണ്ട് എല്ലാ വര്‍ഷവും മുഹറത്തിന് പത്ത് ദിവസം ചുവന്ന പതാക ഇറാനില്‍ ഉയര്‍ത്താറുണ്ട്. യാ ലാ തരത് അല്‍ ഹുസൈന്‍' എന്ന് രേഖപ്പെടുത്തിയ ചുവന്ന പതാകയാണ് ഉയര്‍ത്തുക. 'ഹുസൈന് വേണ്ടി പ്രതികാരം ചെയ്യുന്നവരേ' എന്നാണ് ഇതിന്റെ അര്‍ത്ഥം.
നേരത്തെയും ഖ്വാമിലെ ജംകരാന്‍ പള്ളിയില്‍ പ്രതികാരത്തിന്റെ പതാക നേരത്തെയും ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചപ്പോഴും ചെങ്കൊടി ഉയര്‍ത്തിയിരുന്നു.
അതിന് മുമ്പ് 2024 ജൂലൈയില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ തെഹ്‌റാനില്‍ വെച്ച് ഇസ്രയേല്‍ വധിച്ചപ്പോഴും 2024 ഏപ്രിലില്‍ ഇസ്രയേലുമായുള്ള സംഘര്‍ഷത്തിനിടയിലും ജംകരാന്‍ പള്ളിയില്‍ പതാക ഉയര്‍ന്നിരുന്നു. 2020 ജനുവരിയിലാണ് ഇറാന്‍ ആദ്യമായി പ്രതികാരത്തിന്റെ പതാക ഉയര്‍ത്തിയത്. ജനറല്‍ ഖാസിം സൊലൈമാനിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചപ്പോഴായിരുന്നു അത്.
Content Highlights: a red "flag of revenge" was raised over the dome of the Jamkaran Mosque